Thursday, June 3, 2010

പ്രഹ്ളാദന്‍ - ഹിരണ്യകശിപു

ഹരി വരാഹമായവതരിച്ച് ഹിരണ്യാക്ഷനെ കൊന്നതറിഞ്ഞ് കോപം കൊണ്ട്
ഹിരണ്യ കശിപു കൊട്ടാരത്തിലെത്തി തന്റെ പ്രജകളോട് ഉത്തരവിടുന്നു.. ‘ആരും ഹരിയെ സേവിക്കരുത്, പകരം എന്റെ പേരു വിളിച്ചാല്‍ മതി’ എന്ന്. തുടര്‍ന്ന്, ഹിരണ്യ കശിപു രാജ്യത്തിലെ എല്ലാ നല്ല ആചാരങ്ങളും നിരോധിച്ച്, ഭഗവാനെതിരായി ജീവിക്കാന്‍ തുടങ്ങുന്നു.

ഹിരണ്യകശിപു മാറത്തടിച്ചു കരയുന്ന് അമ്മയോട് കുറെ വേദാന്തസാരങ്ങള്‍ ഉപദേശിക്കുന്നുണ്ട്!
‘അമ്മേ ധീരനായ ഒരു പുത്രന്‍ മരിച്ചാല്‍ ഒരിക്കലും കരയരുത്, ആത്മാവ് നിത്യമാണ്, ശരീരം മാത്രമാണ് മരണപ്പെടുന്നത്. വാസ്തവത്തില്‍ നാം തമ്മില്‍ കണ്ടിട്ടുണ്ടോ?, അമ്മ അമ്മയുടെ മകനെ കണ്ടിട്ടില്ല. എല്ലാവരും മറ്റുള്ളവരുടെ ശരീര അവയവങ്ങള്‍ മാത്രമാണ് കാണുന്നത് . ഉള്ളിലുള്ള ആത്മാവിനെ ആര്‍ക്കും കാണാനാകുന്നില്ല. ആ സ്ഥിതിക്ക് കാണാനാകാഞ്ഞ ആത്മാവിനെ ചൊല്ലി കരയേണ്ടതുണ്ടോ?! എന്നിങ്ങനെ പറഞ്ഞു സമാധാനിപ്പിച്ച് അമ്മയ്ക്ക് ജ്ഞാനം തെളിഞ്ഞ് അമ്മയുടെ ദുഃഖം ഇല്ലാതാക്കിയശേഷം, ഹിരണ്യകശിപു സഹോദരനെ ഹരി കൊന്നതില്‍ കോപാകുലനായി നേരെ ത്രികൂടത്തില്‍ എത്തി കഠിന തപസ്സ് തുടങ്ങുന്നു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ബ്രഹ്മാവ് പ്രത്യക്ഷമായി ‘എന്തു വരമാണ് വേണ്ടത് ?’ എന്നു ചോദിക്കുമ്പോള്‍, ഹിരണ്യകശിപു‍ ‘തന്നെ ആരും കൊല്ലാതിരിക്കാനുള്ള വര’മാണ് ചോദിക്കുന്നത്.

‘തന്നെ മനുഷ്യനും കൊല്ലാന്‍ പാടില്ല മൃഗവും കൊല്ലാന്‍ പാടില്ല,
കരയില്‍ വച്ചും കൊല്ലരുത് കടലില്‍ വച്ചും ആരും കൊല്ലരുത് ,
രാത്രിയും കൊല്ലരുത് പകലും കൊല്ലരുത് ,
അകത്തുവച്ചും കൊല്ലരുത് പുറത്തുവച്ചും കൊല്ലരുത് ,
ഭൂമിയിലോ ആകാശത്തോ കടലിലോ ഒന്നും വച്ചു കൊല്ലാന്‍ പാടില്ല..
ആയുധം കൊണ്ട് കൊല്ലാന്‍ പാടില്ല ’ . ഇതായിരുന്നു ഹിരണ്യകശിപു ചോദിച്ച വരം.
ബ്രഹ്മാവ് വരം കൊടുത്ത് മറഞ്ഞു.

വരം സായത്തമായപ്പോള്‍, ഹിരണ്യകശിപുവിന്റെ അഹങ്കാരം ഒന്നുകൂടി കൂടി. ഇനി തന്നെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലല്ലൊ എന്ന അഹംഭാവത്താല്‍ അയാള്‍ വളരെ അഹങ്കരിച്ചു . തന്റെ സഹോദരനെ വരാഹമായി വന്ന് കൊന്ന ഹരിയെ കൊല്ലണമെന്നായിരുന്നു ഹിരണ്യകശിപുവിന്റെ വാശി. ‘ഹരി എന്ന നാമം പോലും ആരും ഉച്ചരിക്കരുത്, ആരും നാമം ജപിക്കരുത് പൂജചെയ്യരുത്, തന്നെ മാത്രം ഭജിച്ചാല്‍ മതി’ എന്നു ഉത്തരവിടുന്നു.

ഹിരണ്യാകശിപുവിന് ഒരു പുത്രനുണ്ടാകുന്നു. പ്രഹ്ലാദന്‍. ജനിച്ചപ്പോഴേ ചിരിച്ചും കൊണ്ട് വന്ന കുട്ടി!. എപ്പോഴും പ്രസന്നവാനായ കുഞ്ഞു ഭക്തിയിലും വിനയത്തിലും ഒക്കെ അനുഭാവമുള്ള സ്വഭാവം!
ഇതിനു കാരണം പ്രഹ്ലാദന്‍ തന്റെ അമ്മയുടെ ഗര്‍ഭത്തില്‍ കിടന്ന് ‘ഭാഗവതധര്‍മ്മം’ മനസ്സിലാക്കിയിട്ടുണ്ടായിരുന്നതു കൊണ്ടാണ്.
കഥ ഇപ്രകാരം: ‘ഒരിക്കല്‍ ഹിരണ്യകശിപു വീട്ടിലില്ലാത്ത സമയത്ത് ഗര്‍ഭിണിയായ ഹയാതു (പ്രഹ്ലാദന്റെ അമ്മ) ഇന്ദ്രന്‍ തട്ടിക്കൊണ്ടുപോകുന്നു. നാരായണവൈരിയായ ഹിരണ്യകശിപുവിന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ചു തന്നെ നശിപ്പിക്കാനായിരുന്നു ഇന്ദ്രന്‍ ബലാല്‍ക്കാരമായി കൊണ്ടുപോയത് . എന്നാല്‍ വഴിയില്‍ വച്ച് നാരദമുനി ഇന്ദ്രനെ തടുത്തു നിര്‍ത്തി പറയുന്നു.. ഹയാതുവിന്റെ ഗര്‍ഭത്തില്‍ വളരുന്ന കുട്ടി ഭാഗവതോത്തമനാണെന്നും, അവളെ വിട്ടയക്കാനും. തുടര്‍ന്ന്, നാരദന്‍ ഹയാതുവിനെ തന്റെ ആശ്രമത്തില്‍ കൊണ്ടുപോകുന്നു. അവിടെ വച്ച് ഭാഗവതം ചൊല്ലിക്കേള്‍പ്പിക്കുന്നു. ഹയാതു ഗര്‍ഭാലസ്യത്താല്‍ മയങ്ങിപ്പോകുന്നു. എന്നാല്‍ വയറ്റില്‍ കിടന്ന് പ്രഹ്ലാദന്‍ എല്ലാം ശശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു. അങ്ങിനെ ആറാം മാസത്തില്‍ തന്നെ പ്രഹ്ലാദന്‍ ഭാഗവതധര്‍മ്മം മനസ്സിലാക്കിയിരുന്നു..

ഭാഗവതധര്‍മ്മം മനസ്സിലാക്കിയതിനാലാണ് ജനിച്ചപ്പോഴേ ഉത്സാഹവും നാരയണഭക്തിയും ഒക്കെ കുട്ടിയില്‍ പ്രകടമായത്. എന്നാല്‍ കുട്ടിയില്‍കാണുന്ന സത്ഗുണങ്ങളൊന്നും അസുരരാജാവിന് ഇഷ്ടപ്പെട്ടവയായിരുന്നില്ല. ഹിരണ്യകശിപു അസുരര്‍ക്കാവശ്യമായ ദുരാചാരങ്ങളും മറ്റും പഠിപ്പിക്കാനായി പ്രഹ് ളാദനെ ഒരു പ്രത്യേക ഗുരുകുലത്തില്‍ അയക്കുന്നു. അവിടെ തന്റെ പേരു ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ഉത്തരവും നല്‍കി.

പക്ഷെ പ്രഹ്ലാദന്‍ ആരും പറയാതെ തന്നെ സദാ ‘നാരായണായ നമഃ’ എന്നും ജപിച്ചാണ് കഴിഞ്ഞിരുന്നത്. കുട്ടി ഇപ്പോള്‍ നന്നായിക്കാണും എന്നു കരുതി, ‘ആരാണു മോനേ വലിയവന്‍?’ എന്നു ഹിരണ്യകശിപു ചോദിക്കുമ്പോള്‍ , ‘അതു ഹരിതന്നെ. ഹരിയൊഴിഞ്ഞ് ആരുമില്ല. അച്ഛനും അദ്ദേഹത്തെ നമസ്ക്കരിക്കൂ’ എന്നു പറയുന്നു. കുട്ടിയില്‍ കണ്ട നാരായണ ഭക്തി ഹിരണ്യകശിപുവിനെ തെല്ലൊന്നുമല്ല കോപാകുലനാക്കിയത് . എങ്ങിനെയും കുട്ടിയുടെ മനസ്സുമാറ്റണം എന്നുകരുതി ഹിരണ്യകശിപു പല ക്രൂരതകളും കാട്ടിയെങ്കിലും ‘ഹരിതന്നെ ശരണം’ എന്ന നിലപാറ്റില്‍ ഉറച്ചു നിന്നു പ്രഹ്ലാദന്‍.

തന്റെ നാമം ചൊല്ലാത്തതില്‍ കുപിതനായ ഹിരണ്യാക്ഷണ്‍ ഒടുവില്‍ കോപം മൂത്ത് കുട്ടിയെ കൊന്നുകളായാന്‍ തീരുമാനിക്കുന്നു. തീയിലിട്ടു ദഹിപ്പിച്ചുനോക്കി , വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചു,
കുന്നിന്റെ മുകളില്‍ നിന്നും ഉരുട്ടിയിട്ടുനോക്കി, പാമ്പിനെ വിട്ടു കടിപ്പിച്ചു.. എന്തൊക്കെ ചെയ്തിട്ടും കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു!. ഒടുവില്‍ ആചാര്യന്മാര്‍ പറഞ്ഞു, ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്കവസരം തരിക ശ്രമിച്ചുനോക്കട്ടെ എന്ന് .

അങ്ങിനെ പ്രഹ്ലാദന്‍ വീണ്ടും ഗുരുകുലത്തില്‍ എത്തിപ്പെട്ടു. പക്ഷെ, ഗുരുക്ക്ന്മാര്‍ എത്ര ശ്രമിച്ചിട്ടും ഹരിയെക്കാളും വലുതായി ആരുമില്ല, എല്ലാവരും അദ്ദേഹത്തെ ആശ്രയിക്കുകയാണ് മോക്ഷത്തിനുള്ള മാര്‍ഗ്ഗം, എന്നൊക്കെ പറഞ്ഞ് പ്രഹ് ളാദന്‍ അവരെ എതിര്‍ത്തു. പോരാത്തതിനു ഗുരുക്കന്മാര്‍ വീട്ടിലില്ലാത്ത സമയത്ത് മറ്റുകുട്ടികളെ നാരായണ മാഹാത്മ്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് അവരിലും ഹരിയോട് ഭക്തി വളര്‍ത്തി. ഒടുവില്‍ തോല്‍‌വി സമ്മതിച്ച് ഗുരുക്കന്മാര്‍ പ്രഹ്ലാദനെ തിരിച്ച് ഹിരണ്യകശിപുവിനെ തന്നെ ഏല്പിക്കുന്നു.

മകന്‍ തന്നെ നിന്ദിക്കയും ഹരിയെ സേവിക്കയും ചെയ്യുന്നതില്‍ അത്യധികം പ്രകോപിതനായ ഹിരണ്യകശിപു കശിപു ചോദിക്കും,
‘നിന്റെ ഹരി എവിടെ’ ?
‘ഹരി എല്ലായിടത്തുമുണ്ട്, തൂണിലും തുരുമ്പിലും ഒക്കെ ഹരി ഉണ്ട്’ എന്ന പറയുന്നു.
‘നിനക്ക് ഹരിയല്ലെ വലുത്, എന്നാല്‍ ഞന്‍ നിന്നെ കൊല്ലാന്‍ പോവുകയാണ് നിന്റെ ഹരി വരുമോ രക്ഷിക്കാന്‍ എന്നു നോക്കട്ടെ’ എന്നും പറഞ്ഞ് വാളോങ്ങുമ്പോള്‍, പെട്ടെന്ന് അവിടെയുള്ള തൂണു പൊട്ടി മനുഷ്യനും മൃഗവുമല്ലാത്ത ഒരു ഭീമാകാരമായ രൂപം പുറത്തു ചാടുന്നു...!

-----

നരസിംഹം (മനുഷ്യനും മൃഗവും അല്ലാത്തത്), സന്ധ്യാസമയത്ത് (രാത്രിയും പകലുമല്ലാത്ത നേരം), പടിയില്‍ വച്ച് (അകത്തും പുറത്തും അല്ലാതെ), തന്റെ മടിയില്‍ കിടത്തി (കരയിലും കടലിലും അല്ലാതെ), നഖങ്ങളാല്‍ മാറ് പിളര്‍ന്ന് (ആയുധം കൊണ്ടല്ലാതെ), ഹിരണ്യാക്ഷനെ അതി ദാരുണമായി കുടലുമാല പുറത്തെടുത്ത് , അതിഭീകരമായി നൃത്തം ചെയ്തും ചോരകുടിച്ചും നരസിംഹം കൊല്ലുന്നു.

ഇതുകണ്ട് എല്ലാവരും ഭയന്ന് വിറക്കുന്നു . നാരായണനാണ് നരസിംഹമെന്നറിയാമായിരുന്നിട്ടും ആര്‍ക്കും നരസിംഹത്തിന്റെ കോപം ശമിപ്പിക്കാന്‍ ആവാതെ വരുന്നു. ലക്ഷ്മീദേവിപോലും അടുത്തുപോകാന്‍ ഭയന്നു. എന്നാല്‍ ഭക്തോത്തമനായ പ്രഹ്ലാദന്‍ ഒരു കൂസലുമില്ലാതെ ശാന്തനായി നരസിംഹമൂര്‍ത്തിയുടെ കാല്‍ക്കല്‍ വീണു നമസ്കരിക്കുന്നു. പ്രഹ്ലാദന്റെ ഭക്തി നരസിംഹത്തിന്റെ കോപം ശമിപ്പിക്കുന്നു. നരസിംഹം ശാന്തനായി പ്രഹ്ലാദനെ അനുഗ്രഹിക്കുന്നു.
‘നിനക്കെന്തു വരമാണ് വേണ്ടത്‍?’ എന്നു ചോദിക്കുമ്പോള്‍,
‘ദയവായി എനിക്ക് കാമനകള്‍ തന്ന് അനുഗ്രഹിക്കാതിരിക്കുക. വരം ചോദിക്കുന്ന ഭക്തന്‍ യഥാര്‍ത്ഥ ഭക്തനുമല്ല-അവന്‍ വെറും ബിസിനസ്സുകാരന്‍-, വരം കൊടുക്കുന്ന ഈശ്വരന്‍ ഈസ്വരനുമല്ല-ഭിക്ഷക്കാരനെപ്പോലെ-’ എന്ന് ആദ്യം പറയുന്നു. ‘എങ്കിലും അങ്ങ് ചോദിച്ച് സ്ഥിതിക്ക് എനിക്ക് എപ്പോഴും അങ്ങയെ സ്മരിക്കാനുള്ള വരം തന്നനുഗ്രഹിക്കുക’ എന്ന് പറയുന്നു.
ഭഗവാന്‍ പ്രഹ് ളാദനോട് ‘സന്തോഷത്തോടെയും സമചിത്തതയോടും ജീവിച്ച്, ഒടുവില്‍ മരണശേഷം നീ എന്നില്‍ വിലയിക്കുക’ എന്നും പറഞ്ഞ് അനുഗ്രഹിക്കുന്നു. കൂടാതെ പ്രഹ് ളാദന്റെ വംശത്തില്‍ ഇനിയുള്ള 21 പരമ്പര ഭഗവത് ഭക്തന്മാരായി ജീവിക്കും എന്നും അനുഗ്രഹിക്കുന്നു.