Tuesday, April 20, 2010

അജാമിളമോക്ഷം

പരീക്ഷിത്ത് ശ്രീശുകമുനിയോട് ചോദിക്കുന്നു, ‘മഹാവിഷ്ണുവിനോട് ജയവിജയന്മാരുടെ പുനര്‍ജനനമായ
ഹിരണ്യാക്ഷണും ഹിരണ്യകശിപുവിനും ദേഷ്യം തോന്നാന്‍ കാരണമെന്ത് ?’ എന്ന്.
അതിനുത്തരമായി ഭഗവാനോടുള്ള ഭക്തി പലര്‍ക്കും പല പ്രകാരമാണെന്നു പറയുന്നു.
വൈരവും ഭക്തിയുടെ ഒരു വകഭേദമാണ്. വൈരത്താല്‍ എപ്പോഴും മഹാവിഷ്ണുവിനെ സ്മരിച്ച് ജീവിച്ച്,  മഹാവിഷ്ണുവിനാല്‍ കൊല്ലപ്പെട്ട് മുക്തിയടഞ്ഞു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും..
മരണവേളയില്‍ ഭഗവാന്റെ നാമം ഉച്ചരിച്ചതിനാല്‍ മോക്ഷം കിട്ടിയ അജാമിളന്റെ കഥ ഭക്തിക്ക് ഉദാഹരണമായി പറയുന്നു ശ്രീശുകന്‍..
പിന്നീട് ഭക്തിയാല്‍ മാത്രം നാരദന്‍ ബ്രഹ്മപുത്രനായി ജനിച്ച് ബ്രഹ്മര്‍ഷിയായ കഥ പറയുന്നു..
അജാമിളന്റെ കഥ...
കന്യാകുബ്ജത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അജാമിളന്റെ ജനനം.
വളരെ ധര്‍മ്മിഷ്ഠനും, വേദകാര്യങ്ങളില്‍ തല്പരനും, പൂജാദി കര്‍മ്മങ്ങളില്‍ ശീലിച്ചവനും ആയ ഒരു സാധു ബ്രാഹ്മണ കുമാരന്‍. ഒരിക്കല്‍ ചമതയോ മറ്റോ പറിക്കാനായി വനത്തില്‍ പോകുമ്പോള്‍ അവിടെ ഒരു വേശ്യാസ്ത്രീ ഒരാളുമായി രമിക്കുന്നത് കാണാനിടയാകുന്നു. അത് കണ്ട് പെട്ടെന്ന് അജാമിളന് മനസ്ചാഞ്ചല്യമുണ്ടായി ആ വേശ്യാസ്ത്രീയില്‍ അനുരക്തനായി അവളോട് കൂടാന്‍ ആഗ്രഹിക്കുന്നു. അവള്‍ വേശ്യാവൃത്തിയൊക്കെ മാറ്റിവച്ച്, അജാമിളനോടൊത്ത് സ്ഥിരമായി ജീവിക്കാന്‍ താല്പര്യം കാട്ടുന്നു. അങ്ങിനെ അവര്‍ ഒരുമിച്ച് ജീവിക്കാനാരംഭിക്കുമ്പോള്‍ നിത്യവൃത്തിക്കായി അജാമിളന്‍ വളരെ കുറുക്കുവഴികളും ക്രൂരവും നീചവുമായ കൊള്ള, കൊല, മൃഗവേട്ട തുടങ്ങി പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു..
എന്നാല്‍ കുട്ടികള്‍ ജനിച്ച് തുടങ്ങുമ്പോള്‍ അവര്‍ക്ക് ഈശ്വരന്റെ നാമങ്ങള്‍ ഇടുന്നു. ഏറ്റവും ഒടുവിലത്തെ മകന്റെ പേര് നാരായണന്‍ എന്നും ഇടുന്നു. നാരായണനോടായിരുന്നു അജാമിളനു കൂടുതല്‍ വാത്സല്യവും. ഒടുവില്‍ പ്രായമേറെയായി, വാര്‍ദ്ധക്ക്യസഹചമായ അസുഖങ്ങളില്‍ പെട്ട് വിഷമിച്ച് രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ കാലകിങ്കരന്മാര്‍ ബലാല്‍ക്കാരേണ കെട്ടിവലിച്ച് കൊണ്ടുപോകുന്നതായി ഒരു സ്വപ്നം കണ്ട് ഭയന്ന് മകനെ ഉച്ചത്തില്‍ വിളിക്കുന്നു, “നാരായണാ..” “നാരായണാ..” എന്ന്. ശരിക്കും അപ്പോള്‍ അവിടെ കാലകിങ്കരന്മാര്‍ അജാമിളനെ കൊണ്ടുപോകാനായി വന്നു നില്‍പ്പുണ്ടായിരുന്നു താനും!
---
എന്നാല്‍ ‘നാരായണാ’ എന്നു നിസ്സഹായനായി പ്രേമത്തോടെയുള്ള അജാമിളന്റെ വിളി സാക്ഷാല്‍ നാരായണന്‍ കേള്‍ക്കുകയും അദ്ദേഹം തന്റെ ദൂതന്മാരെ അജാമിളന്റെ രക്ഷയ്ക്കായി അയക്കുകയും ചെയ്യുന്നു..അജാമിളനെ പിടിച്ചുകെട്ടി കാലപുരിക്കു കൊണ്ടുപോകാന്‍ തയ്യാറായി കിടക്കയ്ക്കരികില്‍ നിന്ന യമഭടന്മാരെ നാരായണദൂതന്മാര്‍ വിലക്കുന്നു.
‘ഇയ്യാള്‍ മരണസമയത്ത് പ്രേമത്തോടെ ഭഗവത് നാമം ഉച്ചരിക്കയാല്‍ പുണ്യവാനായി’എന്നും, ‘ഇപ്പോള്‍ കൊണ്ടുപോകാന്‍ പറ്റില്ല’ എന്നും പറയുന്നു.
നരായണ ദൂതന്മാര്‍ കാലകിങ്കരന്മാരോട്, ‘അജാമിളന്‍ ചെയ്ത പാപങ്ങള്‍ എങ്ങിനെ അറിഞ്ഞു?’ എന്ന് ചോദിക്കുമ്പോള്‍, കാലകിങ്കരന്മാര്‍ ഉത്തരം പറയുന്നു,
‘ പകല്‍ സാക്ഷിയായി സൂര്യന്‍; രാത്രിയാണെങ്കില്‍ ചന്ദ്രന്‍, പിന്നെ വായുവും, ആകാശവും ഒക്കെ സാക്ഷിയാണ്’എന്ന് പറയുന്നു. (ഇത്രയും നല്ല സാക്ഷിമാരുള്ളതിനാല്‍ നാം ആരും അറിയില്ലെന്നു കരുതി ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകള്‍ പോലും കാലത്തില്‍ നിന്നു മറച്ചുവയ്ക്കാനാവില്ല എന്ന് ചുരുക്കം)

കിങ്കരന്മാര്‍ തിരിച്ച് യമരാജന്റെ അടുത്തെത്തി വിവരങ്ങള്‍ പറയുന്നു.. അജാമിളനെ എന്തുകൊണ്ടാണ് വിഷ്ണുദൂതന്മാര്‍ രക്ഷിച്ചതെന്ന് അവര്‍ യമരാജനോട് ചോദിക്കുമ്പോള്‍ അത് ‘ഭാഗവതധര്‍മ്മ‘ പ്രകാരമാണെന്ന് പറയുന്നു. ഭാഗവതധര്‍മ്മം മനസ്സിലാക്കിയവര്‍ വളരെ ചുരുക്കം പേരെ ഉള്ളൂ എന്നും പറയുന്നു.
ബ്രഹ്മാവ്
നാരദന്‍
സനല്‍ക്കുമാരന്മാര്‍
കപിലന്‍
സായംഭൂമനു
പ്രഹ്ലാദന്‍
ധ്രുവന്‍
ജനകന്‍
ഭീഷ്മര്‍
മഹാബലി
ശ്രീശുകന്‍
പിന്നെ താനും(യമരാജാവും) മാത്രമാണ് ഭാഗവതധര്‍മ്മം മനസ്സിലാക്കിയിട്ടുള്ളത് എന്ന് പറയുന്നു.
---
യമരാജന്‍ തന്റെ കിങ്കരന്മാരോടെ അജാമിളനെ കൊണ്ടുവരാന്‍ പറ്റാത്ത സ്ഥിതിക്ക് വീണ്ടും ഭൂമിയില്‍ പോയി,
‘നല്ലൊരു മനസ്സുണ്ടായിട്ടും ഭഗവാനെ സ്മരിക്കാത്തോരെ’, ‘നല്ലൊരു നാവുണ്ടായിട്ടും ഭഗവത് നാമം ഉരുവിടാത്തോരെ’, ‘നല്ലൊരു ശരീരം ഉണ്ടായിട്ടും ഭഗവാനെ സേവിക്കാത്തോരെ’, ‘നല്ലൊരു ശിരസ്സുണ്ടായിട്ടും ഭഗവാനെ കുമ്പിടാത്തോരെ’ ഒക്കെ പിടിച്ചുകെട്ടിക്കൊണ്ട വരാന്‍ പറയുന്നു.
----
മരണത്തില്‍ നിന്നും രക്ഷപ്പെട്ട അജാമിളന്‍ വിഷ്ണുഭക്തനായി തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഹരിദ്വാറില്‍ 16 വര്‍ഷം തപസ്സുചെയ്ത്, ഒടുവില്‍ ഗംഗയില്‍ ശരീരം ത്വജിച്ച് ജീവന്മുക്തി പ്രാപിക്കുന്നു.
‘അജാമിളന്‍’ എന്നാല്‍ അര്‍ത്ഥം മനസ്സിനെ ദൈവത്തോട് ചേര്‍ത്തുവച്ചവന്‍ എന്നാണ്.