Monday, November 23, 2009

പുരഞ്ചനോപാഖ്യാനം

പ്രുഥു ചക്രവർത്തിയുടെ മകന്‍ വിജിതാശ്വന്റെ മകനാണ് പ്രാചീന ബഹിര്‍സ്സ്. പ്രാചീനബഹിർസ്സിന്റെ പുത്രന്മാരാണു പ്രചേതാക്കൾ..

പ്രാചീന ബഹിർസ്സ് ഒരുപാട് യാഗങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും മനസ്സിനു ശാന്തി കിട്ടുന്നില്ല
അങ്ങിനെ നാരദ മഹർഷിയെ കാണുമ്പോൾ പരാതിപ്പെടുന്നു. നാരദമഹർഷി പറയുന്നു, നീ യാഗത്തിനു കൊന്ന മൃഗങ്ങളുടെ ശാപവും നരകത്തിൽ നിന്നെ കാത്തിരിപ്പുണ്ടാകും..
‘ഇതില്‍ നിന്ന് എങ്ങിനെ രക്ഷ നേടും?’ എന്ന ചോദ്യത്തിനുത്തരമായി നാര്‍ദമഹര്‍ഷി ഒരു കഥ പറഞ്ഞുകൊടുക്കുന്നു.. അതാണ് പുരഞ്ചനോപാഖ്യാനം..

പുരഞ്ജനൻ ചെറുപ്പക്കാരനായ ഒരു രാജാവായിരുന്നു (ഒരു 30,35 വയസ്സൊക്കെയുള്ള). അദ്ദേഹത്തിന് ഒരു അവിഞ്ജാത സുഹൃത്ത് ഉണ്ടായിരുന്നു. അവിജ്ഞാത എന്നാൽ കൂട്ടുകാരന് പുരഞ്ജനനെ അറിയാം പുരഞ്ജനന് കൂട്ടുകാരനെ അറിയില്ലാ താനും.
പുരഞ്ജനന് ഒരു നല്ല കൊട്ടാരവും രാജ്യവും ഒക്കെ സ്വന്തമായി വേണമെന്ന ആശയുണ്ടാകുന്നു. അദ്ദേഹം ലോകം മുഴുവനും അന്വേക്ഷിച്ചു നടക്കുന്നു.
ഒടുവിൽ ഹിമാലയത്തിൽ എത്തുന്നു.
അവിടെ അദ്ദേഹം 9 ഗോപുരങ്ങലുള്ള ഒരു കൊട്ടാരവും മനോഹരമായ ഉദ്യാനവും കാണുന്നു. കൊട്ടാരത്തിനു 11 ഭടന്മാർ കാവൽ നിൽ‌പ്പുണ്ട്.
അവര്‍ കൊട്ടാരത്തിലെ രാജ്ഞിയ്ക്ക് കാവലായി നിൽക്കയാണ്.
രാജ്ഞി ഉമ്മറപ്പടിയിൽ വരുന്നു.. രാജ്ഞിയെ കാണുമ്പോൾ പുരഞ്ജന് ഇഷ്ടമാകുന്നു. രാഞ്ജിക്കും ഇഷ്ടമാകുന്നു. അന്യോന്യം ഇഷ്ടപ്പെട്ട അവർ സ്വയം വരം കഴിച്ച് ഒരുമിച്ച് കഴിയാൻ തീരുമാനിക്കുന്നു.

എന്നാൽ രാജാവ് കൊട്ടാരത്തിനകത്ത് കയറാൻ തുടങ്ങുമ്പോൾ 5 തലയുള്ള ഒരു പാമ്പിനെ കണ്ട് ഭയപ്പെടുന്നു. രാജ്ഞി പറയുന്നു, ‘ഭയക്കണ്ട, അത് നമ്മുടെ രക്ഷയക്കായുള്ള പാമ്പാണ് ’എന്ന്.
രാജാവ് അകത്തു കയറുന്നു. രാജ്ഞിയോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

രാജ്ഞി പറയുന്നതിനപ്പുറം രാജാവിന് ഒന്നും ഇല്ല. അത്രയ്ക്കും രാജ്ഞിയുടെ വലയിൽ ആകൃഷ്ടനായി ജീവിക്കുമ്പോൾ ഒരിക്കൽ രാജാവ് വിളയാട്ടിനായി നായാട്ടിനു പോകുന്നു.

തിരിച്ചു വരുമ്പോൾ രാജ്ഞിയെ കാണാനില്ല. തോഴിമാരോട് അന്വേക്ഷിക്കുമ്പോൾ ഉള്ളിലത്തെ മുറിയിൽ ഉണ്ട് എന്നറിയിക്കുന്നു. അദ്ദേഹം ചെന്നു നോക്കുമ്പോൾ ജലപാനാദികൾ കഴിക്കാതെ കരഞ്ഞു മുടിയൊക്കെ അലങ്കോലമായി രാജ്ഞി തറയിൽ കിടക്കുന്നു.
‘എന്താ കാരണം?’ എന്ന് പരിഭ്രമിച്ച് ചോദിക്കുമ്പോൾ, ‘നിങ്ങൾ എന്നെക്കൂടാതെ നായാട്ടിനു പോയില്ലെ, നിങ്ങൾ പോയാൽ എനിക്കാരുണ്ട്?’ എന്നൊക്കെ പറഞ്ഞ് വീണ്ടും കരച്ചിൽ തുടങ്ങി
ഇതുകേട്ട് രാജാവ് ആശ്വാസത്തോടെ രാജ്ഞിയെ ആശ്വസിപ്പിച്ചു, ‘സാരമില്ല ഇനി നിന്നെക്കൂടാതെ എങ്ങും പോകില്ല’ എന്നു പറഞ്ഞ് പിന്നീട് പിരിയാതെ പത്നിയോടൊപ്പം അദ്ദേഹം ജീവിക്കുന്നു.

കുറേ നാൾ കഴിയുമ്പോൾ അദ്ദേഹത്തിന് തുടരെ തുടരെ ദുരന്തങ്ങളുണ്ടാകുന്നു.
ഒന്ന് - സൈന്യം ആക്രമിക്കുന്നു 315 ആണും പെണ്ണും അടങ്ങിയ പട
രണ്ടാമത് കാലപുത്രി ഭർത്താവായ യവനനുമായി പുരഞ്ജനന്റെ കൊട്ടാരം കൈക്കലാക്കാൻ എത്തുന്നു.
(ആ കഥ ഉപകഥകളില്‍..)
എല്ലാം കൂടിയായപ്പോൾ പുരജ്ഞനൻ ക്ഷീണിക്കുന്നു. താമസിയാതെ പുരജ്ഞനനും ഭാര്യയും മരിക്കുന്നു. അദ്ദേഹം അവസാനം മരിക്കാൻ നേരത്തുംതന്റെ ഭാര്യയെ ഓർത്തുകൊണ്ടാണ് ജീവൻ വെടിയുന്നത്. അതുകൊണ്ട് അദ്ദേഹം അടുത്ത ജന്മം ഒരു സ്ത്രീയായി ജനിക്കുന്നു,മലയജ്വദന്റെ ഭാര്യയായി.

മലയജ്വദനും ഭാര്യയും
മലയജ്വദൻ തപസ്സുചെയ്ത് ശരീരം ഉപേക്ഷിക്കുമ്പോൾ ‘തനിക്കിനി ആരുമില്ലേ‘ എന്നും പറഞ്ഞ് പൊട്ടിക്കരയുന്ന് ഭാര്യയുടെ അടുത്തേക്ക് ഒരു വൃദ്ധസന്യാസി വാരുന്നു.
‘നിനക്കെന്നെ ഓർമ്മയില്ലെ?’ എന്നു ചോദിക്കുന്നു
‘ഇല്ല’ എന്നുത്തരം പറയുമ്പോൾ, ‘ഓർത്തുനോക്ക് പണ്ട് നാം ഇരുവരം ഭാര്യാഭർത്താക്കന്മാരായി മാനസരോവരത്തിൽ ഒരുമിച്ചു കഴിഞ്ഞിരുന്നതോർക്കുന്നോ?’ എന്നു ചോദിക്കുന്നു
മലയജ്വദന്റെ ഭാര്യക്ക് അല്പാല്പം ഓർമ്മ വരുന്നു. ‘അവിടെ വച്ച് നീ ഒരു പെണ്ണിന്റെ ജന്മമെടുത്ത് എന്നിൽ നിന്നും അകന്നു.. പിന്നീടുള്ള ജന്മങ്ങളായിരുന്നു ബാക്കിയെല്ലാം. ഇനി നാം രണ്ടും ഒന്നാണ്’ എന്നു പറഞ്ഞ്, അവളെയും കൂട്ടി നടന്നകലുന്നു. ( ശരീരവും മനസ്സും ഒന്നിക്കുന്നു!)

കഥ ഇത്രയും പറഞ്ഞ് നാരദമ്മഹർഷി പ്രാചീന ബഹിർസ്സിനോട് ചോദിക്കുന്നു
‘കഥ മനസ്സിലായോ?‘
‘കഥയൊക്കെ കൊള്ളാം പക്ഷെ, എനിക്കെങ്ങിനെ പുണ്യം കിട്ടുമെന്ന് പറഞ്ഞില്ലല്ലൊ’ എന്ന്
അപ്പോൾ നാരദൻ കഥ വിശദീകരിക്കുന്നു
ഈ കഥ നിന്റെ തന്നെ കഥയാണ് എന്നും.
പുരം-ശരീരം
പുരഞ്ജനന്ന് ശരീരത്തെ കൊണ്ട് ജീവിക്കുന്നവൻ-മനസ്സ്
9 വാതിലുള്ള ഗോപുരം നിന്റെ ശരീരമാണെന്നും കണ്ണ് ചെവി മൂക്ക് വായ്, മലമൂത്രവിസർജ്ജനേന്ദ്രിയങ്ങൾ
അഞ്ച് ഭടന്മാർ- ഇന്ദ്രിയങ്ങൾ
പാമ്പ് 5 പ്രാണവായുകൾ
പ്രണൻ, അപാനൻ, ഉദാനായ, വ്യാനായ, മനോ..
സുന്ദരി?‌ മനസ്സ്!
മനസ്സിന്റെ ചാഞ്ചല്യം അനുസരിച്ച് നമ്മുടെ ശരീരം പ്രവർത്തിക്കുന്നു
മൃഗയാവിനോദം- ഉറക്കം.
(ഉറക്കത്തില്‍ നാം മനസ്സിനെ പറ്റി ബോധവാന്‍മാരല്ലല്ലൊ, ഉണര്‍ന്നു കഴിയുമ്പോള്‍ വീണ്ടും പരാതികളുമായി മനസ്സ് നമ്മെ മൂടുന്നു)
അസുഖങ്ങള്‍ വന്ന് ശരീരം ത്വജിക്കേണ്ടിവരുന്നതാണ് ശത്രുക്കള്‍ ആക്രമിച്ചതായി തോന്നിയത്.
ഒടുവിൽ ഭാര്യയെപ്പറ്റി ചിന്തിച്ചതുകൊണ്ട് സ്ത്രീയായി ജനിക്കുന്നു. (പുനർജ്ജന്മം)

വീണ്ടും മലയജ്വദന്റെ ഭാര്യയാകുമ്പോൾ മലയജ്വദൻ ഈശ്വര ന്നുവേക്ഷണത്തിൽ മുഴുകി കഴിയുന്നു എന്നതിനർത്ഥം ശരീരത്തിൽ നിന്നും മനസ്സ് വേറിട്ടു നിന്ന് ഈശ്വരനെ അനവേക്ഷിക്കുന്നു.. എന്നർത്ഥം
പിന്നീട് ഒടുവിൽ ബ്രാഹ്മണൻ വന്ന് ആത്മാവിനെ ഈശ്വരനിലേക്ക് ചേർത്തു വയ്ക്കുന്നു
മനസ്സിനെ അടക്കി ശാന്തി കൈവരികയാണ് പുണ്യം കിട്ടൽ എന്നും പറഞ്ഞുകൊടുക്കുന്നു. അതിനു വേണ്ടത് ഈശ്വരപ്രേമം മാത്രം എന്നും പറയുന്നു. ഒടുവില്‍ മലയജ്വദന്റെ ഭാര്യയായി ജനിച്ച് ആത്മാവ് മോക്ഷമടയുന്നു.

പ്രചേതാക്കളുടെ ശേഷം കഥ..അടുത്തതിൽ

പ്രചേതാക്കളുടെ കഥ

പൃഥുനന്ദനനായ വിജിതാശ്വന്റെ മകൻ ഹവിർദ്ധനൻ.

രാജ്യകാര്യങ്ങളിൽ ഒട്ടും തല്പരനല്ലാത്ത ഹവിർദ്ധനൻ തന്റെ മകൻ ഹർഹിസ്സിനെ രാജ്യഭാരമേല്പ്പിച്ച് അടവിയിൽ തപസ്സിനായി പോകുന്നു.

ഹവിർസ്സ് യാഗങ്ങൾ വലിയ തല്പരനായിരുന്നു. ഒരോ യാഗത്തിലും ദർഭപ്പല്ല് കൂമ്പാരമാക്കി കിഴക്കോട്ട് വയ്ക്കണമായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ നിറയെ ഈ ദർഭകൂമ്പാരം ആയതിനാൽ അദ്ദേഹത്തിൻ‌ പ്രാചീന (കിഴക്ക്) ബർഗിസ്സ് (ദർഭ) എന്ന പേരിൽ വിളിക്കപ്പെടുന്നു.

അദ്ദേഹത്തിനു പത്തു പുത്രന്മാർ ജനിക്കുന്നു. അവരെ പ്രചേതസ്സുകൾ എന്നു വിളിച്ചുവന്നു. അവർക്ക് ലൌകീകതയിൽ ഒട്ടും താല്പര്യമില്ലാതെ രാജ്യമുപേക്ഷിച്ച് സമുദ്രത്തിൽ മുങ്ങിക്കിടന്ന് ജല സ്തംഭന തപസ്സിൽ മുഴുകി കഴിയുന്നു
അവരുടെ മുന്നിൽ രുദ്രൻ പ്രത്യക്ഷപ്പെട്ട് രുദ്രഗീതം മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.
പ്രചേതാക്കളുടെ ശേഷം കഥ...

പൃഥുചരിത്രം

ധ്രുവനു ശേഷം അദ്ദേഹത്തിന്റെ മകൻ ഉൾക്കലൻ രാജ്യം ഭരിക്കുന്നു. അദ്ദേഹത്തിന്റെ പുത്രൻ അംഗന. അഗന് ഒരു ദുഷ്ടനായ പുത്രനുണ്ടാകുന്നു വേനൻ. വേനന്റെ ദുഷ്ടതകൾ കണ്ട് മനം മടുത്ത് അംഗൻ വനവാസത്തിനുപോകുന്നു. ഒടുവിൽ വേനന്റെ ദുഷ്ടതകൾ താങ്ങാ‍നാകാതെ വന്നപ്പോൾ മുനിമാരെല്ലാം കൂടി ചേർന്ന് യാഗം നടത്തി ‘ഹൂ.. ഹൂ’ എന്ന് മന്ത്രം ചെയ്ത് വേനനെ കൊല്ലുന്നു.

വേനനു ശേഷം പരമ്പര അന്യം നിന്നുപോകാതിരിക്കാൻ മഹർഷിമാർ തന്നെ ആദ്യം വേനന്റെ കാൽ കടയുന്നു.അപ്പോൾ നിഷാദന്മാർ ഉണ്ടാകുന്നു. വേനന്റെ തന്നെ സ്വഭാവഗുണങ്ങളോടെ
അവരെ നിഷാദന്മാർ എന്നു പറയുന്നു

അടുത്തതായി വേനന്റെ ഉരുക്കൾ/കൈകൾ കടയുമ്പോൾ പൃഥുവും അർച്ചിസ്സ്ദേവിയും ഉണ്ടാകുന്നു.

പൃഥു ജനിച്ചയുടൻ ശ്രുതിപാടടകന്മാര്‍ അദ്ദേഹത്തെ സ്തുതിച്ചു പാടാൻ തുടങ്ങുന്നു.. ഉടൻ അദ്ദേഹം പറയുന്നു, ‘ഒരാളെ കണ്ടയുടനല്ല സ്തുതിപാടേണ്ടത്. അയാളുടേ പ്രവർത്തികൾ കണ്ടറിഞ്ഞ ശേഷം പാടുക‘ എന്ന്.
തീരെ ചെറുതിലെ ആത്മീയ ഞാനം കൈവന്ന പൃഥു നോക്കുമ്പോൾ ഭൂമി വറ്റിവരണ്ട്, കിടക്കുന്നു. എങ്ങും ദാരിദ്ര്യം പട്ടിണി.. പൃഥു കുതിരപ്പുറത്തു കയറി ചെന്ന് ഭൂസമ്പത്തെല്ലാം ഒളിച്ചു വച്ചിരിക്കുന്നതില്‍ കുപിതയായി, ഭൂമീദേവിയെ യുദ്ധത്തിനു വെല്ലുവിളിച്ചു. ഭൂമീ ദേവി ഭയന്ന് ഒരു പശുവിന്റെ രൂപം ധരിച്ച് പ്രാണരക്ഷാര്‍ഥം ഓടി. അപ്പോള്‍ പൃഥു ചക്രവര്‍ത്തി ബ്രഹ്മാസ്ത്രം തൊടുക്കാന്‍ തുടങ്ങി. അപ്പോല്‍ ഭയന്ന് ഭൂമീ ദേവി പൃഥുവിന്റെ കാല്‍ പിടിച്ച് പറഞ്ഞു, “അങ്ങയുടെ പൂർവ്വികർ അധർമ്മത്തോടെ ഭൂമി ഭരിച്ചതുകൊണ്ടാണ് ഭൂമിയിൽ മഴ പെയ്യാതെ എല്ലാം വറ്റിവരണ്ട് ഈവ്വിധം ആയത്. ഞാൻ ഒരു കാര്യം ചെയ്യാം, ഒരു പശുവിന്റെ രൂപത്തിൽ നിൽക്കാം.. അങ്ങ് എന്റെ അകിട്ടിൽ നിന്ന് ആവശ്യമുള്ളതൊക്കെ കറന്നെടുത്തുകൊൾക” എന്ന് അങ്ങിനെ പൃഥുചക്രവർത്തി വീണ്ടും ഭൂമിയെ സമ്പന്നമാക്കി.

അദ്ദേഹം രാജ്യം ഭരിക്കെ, അശ്വമേഥയാഗം നടത്തി. ആദ്യ യാഗത്തിലും രണ്ടാമതു നടത്തിയ യാഗത്തിലും ഇന്ദ്രന്‍ വന്ന് യാഗാശ്വത്തെ പിടിച്ചുകൊണ്ടുപോയി.. മൂന്നാമത്തെ പ്രാവശ്യവും ഇതാവര്‍ത്തിച്ചപ്പോള്‍, സ്വതവെ ക്ഷമാശീലനായ പൃഥു ചക്രവര്‍ത്തി കോപം കൊണ്ട് ഇന്ദ്രനെ പിടിക്കാനോടി..
അപ്പോള്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു ചോദിക്കുന്നു, വിവരം ഇല്ലാതെ ഇന്ദ്രന്‍ ചെയ്തുപോളെ എന്റെ ഭക്തനും ചെയ്യാന്‍ പോവുകയാണോ?
അങ്ങേക്ക് സ്വര്‍ഗ്ഗം വേണോ അതോ എന്നില്‍ ഭക്തി വേണോ? എന്ന് ചോദിക്കുന്നു.
അപ്പോള്‍ പൃഥുചക്രവര്‍ത്തി പറയുന്നു ഭക്തി മതി എന്ന്.
എങ്കില്‍ യാഗാശ്വത്തെ വിട്ടേയ്ക്കുക.. അശ്വമേധയാഗം നടത്തുന്നതിലും പുണ്യം എന്നെ ഭജിച്ചുകൊണ്ട് നിസ്സംഗമായി സൂര്യനെപ്പോലെ കർമ്മം ചെയ്യുകയാണ് എന്നു പറയുന്നു.

എന്നിട്ട് എനിക്ക് അങ്ങയുടെ പ്രവര്‍ത്തികള്‍/ കര്‍മ്മങ്ങള്‍ തന്നെ അര്‍പ്പിച്ച് പൂജിച്ചാല്‍ മതിയാകും എന്ന്. ( ഏതു പ്രവര്‍ത്തിയും ഭഗവാനെ സ്മരിച്ച്, അദ്ദേഹത്തിനുവേണ്ടിയാണെന്ന് കരുതി ചെയ്യുക.. മക്കളെ സ്നേഹിക്കുന്നതും വീട്ടുജോലിചെയ്യുന്നതും അങ്ങിനെ എന്തുപ്രവര്‍ത്തിയായാലും അത് ഭഗവാന് അര്‍ച്ചിക്കുക)
എങ്കില്‍ സൂര്യനെപ്പോലെ നിസ്വാര്‍ദ്ധനായി എല്ലാവര്‍ക്കും പ്രകാശം നല്‍കി, എങ്കിലു സ്വയം ഒന്നിലും ആസക്തി വയ്ക്കാതെ ജീവിക്കുക.. എന്നു പറയുന്നു..
എന്നിട്ട് അദ്ദേഹത്തിന് എന്തു വരം വേണമെന്ന് ഭഗവാന്‍ ചോദിക്കുമ്പോള്‍
‘എനിക്ക് ആയിരം കര്‍ണ്ണങ്ങളുടെ ശക്തി വേണം എന്ന് പറയുന്നു.. നല്ലതു കേള്‍ക്കാന്‍.. ’
ഭഗവാന്‍ പ്രഥുചക്രവര്‍ത്തിയോട് ശാസ്ത്രീയമായി ആത്മീയകാര്യങ്ങള്‍ പഠിക്കാന്‍ പറയുന്നു..
പിന്നീട് പൃഥുചക്രവർത്തി അപ്രകാരം രാജ്യം ഭരിച്ചു. ഒന്നിലും ആസക്തിയില്ലാതെ..സൂര്യനെപ്പോലെ..ഊര്‍ജ്ജസ്വലനായി മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് എങ്കിലും എല്ലാം ഭഗവാനില്‍ അര്‍പ്പിച്ച്...
അദ്ദേഹത്തിന്റെ പുത്രൻ വിജിതാശ്വൻ-
പ്രചേതാക്കൾ-
പ്രാചീന ബഹിർസ്സ് (ദർഭ കിഴക്കോട്ട് വയ്ക്കാൻ പഠിപ്പിച്ച് )
പ്രാചീന ബഹിർസ്സ് ഒരുപാട് യാഗങ്ങൾ നടത്തുന്നു.
ബാക്കി ഇവിടെ

ധ്രുവൻ

സായം ഭൂമനുവിന്റെയും ശതരൂപാദേവിയുടെയും മകനായ ഉത്താനപാദന്റെ മകനാണ് ധ്രുവന്‍‌.

ബ്രഹ്മാവിന്റെ വലത്‌ പകുതിയില്‍ നിന്നും ഉണ്ടായ സ്വയംഭൂമനുവിന്റെ (ആദ്യ മനു) മകന്‍ ഉത്താനപാദമഹാരാജാവിന്‌ രണ്ടുഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും. (അന്നത്തെ ക്കാലത്ത്‌ രാജവംശത്തിന്റെ നിലനില്‍പ്പിന്‌ വേണ്ടി രാജാക്കന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുമായിരുന്നു.) സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനും. മക്കള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ വാണിരുന്നെങ്കിലും. അമ്മമാര്‍ അത്ര രസത്തിലായിരുന്നില്ല. സുരുചിയുടെ അഹങ്കാരമായിരുന്നു അതിനു കാരണം. സുരുചിയക്ക്‌ സ്വതവേ താന്‍ മികച്ചവളാണെന്ന ഒരഹങ്കാരം, ഉണ്ടായിരുന്നു. ആ വിചാരം കൂടിക്കൂടി അത്‌ ആപത്തിലെത്തുംവരെ തുടര്‍ന്നു. സുരുചിയക്ക്‌ രാജാവിന്റെ സ്നേഹം മുഴുവനും വേണം, സുനീതിയുടെ മകനെക്കാള്‍ തന്റെ മകനെ രാജാവ്‌ ഇഷ്ടപ്പെടണം എന്നു തുടങ്ങിയ ദുര്‍വാശി കള്‍ ഉണ്ടായി.ഒരിക്കല്‍ രാജാവിന്റ അടുത്ത്‌ സുരുചിയും മകനും ഇരുന്നപ്പോള്‍ കേവലം അഞ്ചു വയസ്സുമാത്രം പ്രായമായ ധ്രുവരാജകുമാരനും അവിടെ വരാനിടയായി. ഉത്തമന്‍ അച്ഛന്റെ മടിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തനിക്കും പിതൃവാത്സല്യം അനുഭവിക്കാന്‍ ആഗ്രഹമുണ്ടായി ധുവനും അടുത്തുചെന്നു. രാജാവ്‌ ധ്രുവനെക്കൂടി മടിയിലേറ്റി ലാളിക്കാന്‍ തുടങ്ങി. ഇത്‌ സുരുചിയ്ക്ക്‌ ഇഷ്ടമായില്ല. അവളില്‍ അസൂയ മുഴുത്തു. അവള്‍ ആക്രോശിച്ചു. "നീ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു കടന്നു വന്നത്‌ ? . ഞാനും എന്റെ മകനുമല്ലേ ഇവിടെ ഇരുന്നിരുന്നത്‌. സ്വസ്ഥത നശിപ്പിക്കനായി നീ എന്തിനു വന്നു ? . നിന്റെ അമ്മയുടെ വയറ്റില്‍ പിറന്ന കുറ്റത്താല്‍ നീ അമ്മയുടെ അടുത്തു തന്നെ നിന്നോളു. അതല്ല രാജാവിന്റെ മടിയില്‍ ഇരിക്കണമെങ്കില്‍ മഹാവിഷ്ണുവിനെ തപം ചെയ്‌ത്‌ എന്റെ മകനായി ജനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക" എന്നു പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. ധ്രുവരാജകുമാരന്റെ കണ്‍കളില്‍ നിന്നു കണ്ണുനീര്‍ അടര്‍ന്നു വീണു, രാജാവ്‌ ഇതികര്‍ത്തവ്യാമൂഢനായി, സഹോദരന്റെ കണ്‍കളിലും കണ്ണൂനീര്‍ നിറഞ്ഞു. ഇതൊന്നും അഹങ്കാരതിമിരം ബാധിച ¸ുരുചി കാണുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. പരിഹാസ്യനായ ധ്രുവരാജകുമാരന്‍ കണ്ണീരോടെ അമ്മ സുനീതിയുടെ അടുത്തേയ്ക്കോടി. മകന്റെ കണ്ണീരിന്റെ കാരണം അന്വേക്ഷിച്ചറിഞ്ഞ സുനീതിക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞുപോയി. "ദുര്‍ഭാഗ്യയായ എന്റെ ഉദരത്തില്‍ പിറന്നതുകൊണ്ടായിരിക്കാം നിനക്കീഗതിവരാന്‍ കാരണം. മോന്‍ മഹാവിഷ്ണുവിനെ ഭജിക്കുക. അദ്ദേഹം കനിഞ്ഞാല്‍ എല്ലാം നേരേയാകും" . എന്നു പറഞ്ഞു സമാധാനിപ്പിച്ചു.ധ്രുവരാജകുമാരന്‌തനിക്കേറ്റ അപമാനം, നീതികേട്‌ സഹിക്കാനാവുന്നതായിരുന്നില്ല. മഹാവിഷ്ണു മാത്രമേ തനിക്കു ശരണമായുള്ളു എന്ന്‌ ആ പിഞ്ചു മനസ്സ്‌ ഉറച്ചു, ധ്രുവന്‍ അമ്മയോടു പറഞ്ഞു, "അമ്മേ ഞാന്‍ മഹാവിഷ്ണുവിനെ തപസ്സു ചെയ്‌തു പ്രീതിപ്പെടുത്തി, എന്റെ ദുഖനിവാരണ മാര്‍ഗ്ഗം ആരായുവാന്‍ പോകയാണു". അത്‌ സുരുചിക്ക്‌ അതിലും വലിയ ദുഖഭാരമായി. ഇത്ര ഇളം വയസ്സിലേ തപസ്സുചെയ്യാന്‍ പോകയോ അതും! സിംഹങ്ങളും പുലികളും മറ്റു ക്രൂരജന്തു ക്കളും നിറഞ്ഞ ഘോരവനത്തില്‍. സുനീതിയ്ക്കത്‌ ഉള്‍ക്കൊള്ളാ നായില്ല." എനിക്ക്‌ ഒരാപത്തും വരില്ലമ്മേ, അമ്മയും ഞാനും ദിനവും കുമ്പിടുന്ന നാരായണന്‍ എന്നെ രക്ഷിച്ചുകൊള്ളും" എന്നുപറഞ്ഞ്‌ അമ്മയുടെ മൗനാനുവാദവും വാങ്ങി ആ ബാലന്‍ വനത്തിലേയ്ക്കു യാത്രയായി. ധ്രുവന്റെ കണ്ണുകളില്‍ അപ്പോഴും കണ്ണുനീര്‍ തളംകെട്ടി കിടന്നിരുന്നു.വഴിയില്‍ വച്ച്‌ ധ്രുവന്‍ നാരദമുനിയെ കണ്ടുമുട്ടി. അദ്ദേഹം കാരണമാരാഞ്ഞറിഞ്ഞു. ധ്രുവനെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാന്‍ ധ്രുവന്‍ കൂട്ടാക്കിയില്ല . ഇത്ര ചെറുതിലേ ഇത്ര വൈരാഗ്യ ഭക്‌തിയുള്ള ധ്രുവന്റെ ഭക്‌തി സാക്ഷാത്കരിക്കുക തന്നെ ചെയ്യപ്പെടണമെന്നു നാരദമുനിക്കും തോന്നി. അദ്ദേഹം ധ്രുവനെ സമാധാനിപ്പിച്ച്‌ തപസ്സിനു വേണ്ട മന്ത്രങ്ങളും സുരക്ഷിതമായിരുന്ന്‌ - തപസ്സുചെയ്യാന്‍ ഒരിടവും കാട്ടിക്കൊടുത്തു മറഞ്ഞു.ധ്രുവന്‍ തപസ്സുതുടങ്ങി. വിശപ്പും ദാഹവും, വെയിലും മഴയും, കാറ്റും പിശറും ഒന്നും ധ്രുവന്‍ അറിഞ്ഞില്ല. അത്രയ്ക്കായിരുന്നു ധ്രുവനിലുള്ള ഭക്‌തി. ആദ്യ ദിവസങ്ങളില്‍ മൂന്നുദിവസം കൂടുമ്പോള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു, പിന്നീട്‌ ആറു ദിവസങ്ങളിലൊരിക്കല്‍ ഇലവര്‍ഗ്ഗങ്ങള്‍ പിന്നെ വെള്ളം മാത്രമായി, പിന്നെ വായുമാത്രമായി. പിന്നെ ഒന്നുമില്ലാതെ. വായുവിന്റെ ചലനം നിന്നു. വായുവിന്റെ ഗതിയാകെ നിന്നു. ജീവജാലങ്ങളൊക്കെ വിഷമിക്കാന്‍ തുടങ്ങി. ധ്രുവന്റെ ഭക്‌തികണ്ട്‌ മഹാവിഷ്ണുവിന്റെ മനസ്സു നിറഞ്ഞു. അദ്ദേഹം ആ പിഞ്ചുബാലന്റെ അരികിലെത്തി. ധ്രുവനെ തന്റെ മടിയിലിരുത്തി. ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും ധ്രുവന്റെ ആദ്യ ആഗ്രഹം തന്റെ സ്വന്തംപിതാവിന്റെ മടിയില്‍ അവകാശത്തോടെ ഇരിക്കണം എന്നതുതന്നെയായിരുന്നു. പിന്നീട്‌ ജീവിതാഭിലാഷമായ മഹാവിഷ്ണുവിനോടുള്ള തീവ്ര ഭക്‌തിയും വരമായി ചോദിച്ചു. അദ്ദേഹം പറഞ്ഞു, " നീ നിഷ്കാസിതനായിടത്ത്‌ നിന്നും പൂര്‍വ്വാധികം സ്നേഹം നിനക്കു കിട്ടും, നീ ആ രാജ്യം അനേകവര്‍ഷം ഭരിക്കും. എന്നില്‍ വന്നണയും. ഉത്തരപര്‍വ്വത്തിലുള്ള ധ്രുവപദത്തില്‍ എത്തി ധ്രുവനക്ഷത്രമായി ലോകാവസാനം വരെ പ്രഭതൂകി നില്‍ക്കും" , എന്നു പറഞ്ഞു മറഞ്ഞു.ധ്രുവന്റെ ഉള്ളം കുളിര്‍ത്തു. രാജകുമാരന്‍ നേരേ കൊട്ടാരത്തിലെയ്ക്ക്‌ നടന്നു. അവിടെ ധ്രുവനെ വരവേല്‍ക്കാന്‍ കണ്ണീരോടെ സുനീതിയും സ്വന്തം പ്രവൃത്തിയില്‍ പശ്ച്ഛാത്തപിച്ചു തുടങ്ങിയ സുരുചിയും ഉത്താനപാദനും ഉത്തമനും നിന്നിരുന്നു. അവര്‍ അവനെ വാരിപ്പുണര്‍ന്നു. രാജാവു മടിയിലിരുത്തി ലാളിച്ചു. അതുകണ്ട്‌ ഉത്തമന്‍ കൈകൊട്ടി ചിരിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. സുരുചിയും സുനീതിയും നിര്‍വൃതിയോടെ നോക്കിനിന്നു. ! പ്രായപൂര്‍ത്തി എത്തിയപ്പോള്‍ രാജാവ്‌ ധ്രുവനെ രാജഭരണം ഏല്‍പ്പിച്ചു. ധ്രുവരാജകുമാരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടരാജാവായി പലവര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം പൂര്‍വ്വാധികം അഭിവൃദ്ധിപ്പെട്ടു. എങ്ങും സന്തോഷവും സുഭിഷതയും തിങ്ങി നിന്നു. ഇഹലോകത്തില്‍ തന്റെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ധ്രുവരാജാവ്‌ സംതൃപ്തിയോടെ സ്വര്‍ഗ്ഗലോകം പൂകി. മരിക്കുമ്പോൾ മരണദേവന്റെ രഥത്തിനെ അദ്ദേഹം തോൽ‌പ്പിക്കുന്നു. സ്വർഗ്ഗലോകത്തിൽ നിന്നും ധ്രുവനെ ആനയിക്കാനായി പ്രത്യേക പല്ലക്ക് വരുന്നു. അപ്പോൾ തൻന്െ അമ്മയോ‍? എന്നു പറഞ്ഞ് പല്ലക്കിൽ കയറാൻ മടിക്കുമ്പോൾ അമ്മയ്ക്ക് മറ്റൊരു പല്ലക്കുണ്ട് എന്ന് പറയുന്നു. മറ്റേ പല്ലക്കിലിരുന്ന് സുനീതി ധ്രുവനെ നോക്കി ചിരിക്കുന്നു. രണ്ടുപേരും സ്വർഗ്ഗലോകത്തേക്ക് യാത്രയാകുന്നു.ധ്രുവന്റെ അദ്ദേഹത്തിന്റെ തീവൃഭക്‌തിയുടെ പ്രതിഫലമായി മഹാവിഷ്ണൂ അദ്ദേഹത്തിനെ നക്ഷത്രരാജ്യത്ത്ധ്രുവപദത്തില്‍ പ്രത്യേക ഇടം കൊടുത്തു. ലോകാവസാനംവരെ ഈശ്വരനെ വാഴ്ത്തിക്കൊണ്ട്‌ ഭക്‌തിയുടെ പ്രതീകമായി സത്യത്തിനും നീതിയ്ക്കും പ്രതീകമായി ധ്രുവരാജകുമാരന്റെ ആത്മാവ്‌ ഉത്തരഭാഗത്ത്‌ നമ്മെ നോക്കി നില്‍ക്കുന്നു. ധ്രുവനക്ഷത്രമായി പ്രഭതൂകിക്കൊണ്ട്‌..

ദക്ഷയാഗം

(ദക്ഷയാഗം-മഹാഭാഗവതം)

ഒരിക്കല്‍ പ്രജാപതികള്‍ ചെയ്യുന്ന യാഗത്തില്‍ ത്രിമൂര്‍ത്തികള്‍ ആഗതരായിരിക്കുമ്പോള്‍ അവിടേയ്ക്ക്

ദക്ഷപ്രജാപതി കടന്നു ചെല്ലുന്നു. താന്‍ പ്രജാപതിയാണ്, പോരാത്തതിനു ഉമയുടെ പിതാവുമാണ് എന്നിട്ടും തന്നെ കണ്ടിട്ട് എഴുന്നേറ്റു വണങ്ങാഞ്ഞ പരമശിവനോട് ദക്ഷന് അതിയായ കോപം ഉണ്ടായി അദ്ദേഹത്തേ വളരെ നികൃഷ്ടമായി കളിയാക്കുന്നു..

ഇത് കേട്ട് ശിവന്‍ മൌനം പൂണ്ടിരുന്നെങ്കിലും ശിവന്റെ സന്തതസഹചാരിയായ നന്ദികേശന്‍ കോപം പൂണ്ട് ദക്ഷനെയും പരിവാരങ്ങളെയും ഒക്കെയും ശപിക്കുന്നു..

പിന്നീടൊരിക്കല്‍ ദക്ഷന്‍ ഒരു യാഗം നടത്തുന്നു. പഴയ പക മനസ്സില്‍ വച്ച്, ദക്ഷന്‍ ശിവനെ ഒഴികെ ബ്രഹ്മാവ്, മഹാവിഷ്ണു, ഇന്ദ്രന്‍, ബൃഹസ്പതി, മറ്റു മഹാമഹര്‍ഷിമാര്‍ തുടങ്ങി എല്ലാ ദേവന്മാരെയും മഹര്‍ഷിമാരെയും യാഗത്തിനു ക്ഷണിക്കുന്നു.

നാരദമുനിമുഖാന്തിരം യാഗത്തെപ്പറ്റി അറിഞ്ഞ് ഉമയ്ക്ക് അത് കേട്ട് വലിയ വിഷമം തോന്നി, ‘താന്‍ പിതാവിന്റെ അടുക്കല്‍ ഒന്നു പോയിട്ടു വരട്ടെ’ എന്ന് പരമശിവനോട് അനുവാദം ചോദിക്കുന്നു. നിന്റെ പിതാവ് തീര്‍ച്ചയായും എന്നോടുള്ള പകയാല്‍ നിന്നെ അപമാനിച്ചയക്കും, അപമാനവും പേറി തിരിച്ചുവരുന്നത് അതിലും വലിയ അപഹാസ്യമാകും എന്നൊക്കെ പറഞ്ഞെങ്കിലും പിതാവിനെ തെറ്റിധരിക്കാന്‍ മടിച്ച് ഉമ യാഗത്തിനു ക്ഷണിക്കാതെ തന്നെ പോകാന്‍ ഉരുമ്പെടുനു. ഉമ തനിയെ പോകുന്നത് കണ്ട് രക്ഷക്കായി ശിവന്റെ ഭൂതഗണങ്ങളും അനുഗമിക്കുന്നു.

യാഗശാലയില്‍ ചെന്ന ശിവപത്നിയെ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഒക്കെ എഴുന്നേറ്റ് വണങ്ങിയെങ്കിലും ദക്ഷന്റെ സന്തതസഹചാരികള്‍ വളരെ നികൃഷ്ടമായി കളിയാക്കി. അച്ഛന്‍ രക്ഷിക്കുമെന്നു കരുതി അച്ഛാ എന്ന് അപേക്ഷയോടെ വിളിക്കുമ്പോള്‍ ദക്ഷനും താന്‍ നിന്റെ അച്ഛനല്ലെന്നും ഒക്കെ പറഞ്ഞ്‌ ക്ഷണിക്കാത്തിടത്ത് കയറി വന്ന ഉമയെ ആക്ഷേപിക്കുന്നു. ഇത് കണ്ട് സഹോദരിമാര്‍ പരിഹസിച്ചു ചിരിക്കയും! ആകെപ്പാടെ നിരാലംബയും, ശിവന്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചല്ലൊ എന്ന ഖേദത്താല്‍ ശിവന്റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിത്തിരിച്ച് ആകെ അപമാനം വരുത്തി വച്ചതില്‍ മനം നൊന്ത്, ഉമാദേവി അവിടെ വച്ചു തന്നെ ആത്മാഹൂതി ചെയ്യുന്നു.

തീയില്‍ വെന്തടങ്ങിയ പരമശിവപത്നിയുടെ അവസ്ഥ കണ്ട് കോപിച്ച്, ശിവഭൂതങ്ങള്‍ അവിടെ സംഹാരതാണ്ഡവം നടത്തുന്നു. യാഗാഗ്നിയും യാഗകുണ്ഡങ്ങളും ഒക്കെ അവര്‍ തല്ലിക്കെടുത്തി. ദക്ഷന്‍ ശിവഭൂന്തങ്ങളോട് നേരിട്ട് എതിര്‍ക്കാന്‍ തയ്യറെടുത്തു.. ഇതുകണ്ട് ഭൃഗുമുനി തന്റെ തപശ്ശക്തിയാല്‍ ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. ശിവഭൂതങ്ങളും ഭൃഗുഭൂതങ്ങളും തമ്മില്‍ ഉഗ്രമായ പോരാട്ടം നടക്കുമ്പോള്‍, നാരദമുനി കൈലാസത്തുചെന്ന് ശിവനോട് വിശേഷങ്ങളെല്ലാം ഉണര്‍ത്തിക്കുന്നു!

തന്റെ പ്രിയതമയുടെ ദയനീയാന്ത്യം അറിഞ്ഞ് ഉഗ്രകോപം പൂണ്ട പരമശിവന്‍ കോപം അടക്കാ‍നാവാതെ തന്റെ ജട പിടിച്ച് വലിച്ച് നിലത്തടിച്ചു! അതില്‍ നിന്നും ഉഗ്രകോപം പോണ്ട ഒരു സത്വം ജനിക്കുന്നു. വീരഭദ്രന്‍!

വീരഭദ്രനോട് ദക്ഷയാഗം മുടക്കി, ദക്ഷനെയും അനുചരന്മാരെയും വധിക്കാന്‍ കല്പിച്ചയച്ചിട്ടും ഉഗ്രമൂര്‍ത്തിയുടെ കോപം കത്തിജ്വലിച്ചു നിന്നു. ആ കോപത്താല്‍ അദ്ദേഹം ശിവതാണ്ഡവനൃത്തം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തിരുനെറ്റിയില്‍ നിന്നും മറ്റൊരു ഉഗ്രദേവത ഭൂജാതയാകുന്നു.. വീരഭദ്ര (ഭദ്രകാളി!). വീരഭദ്രയോടും വീരഭദ്രനെ അനുഗമിച്ച് ദക്ഷനിഗ്രഹം ചെയ്യാന്‍ അജ്ഞാപിക്കുന്നു സദാശിവന്‍.

വീരഭദ്രനും ഭദ്രകാളിയും ശിവഭൂതങ്ങളും ചേര്‍ന്ന് ദക്ഷന്റെ യാഗശാല താറുമാറാക്കി, എതിര്‍ത്തവരെയും പരിഹസിച്ചവരെയും ഒക്കെ വളരെ നികൃഷ്ടമായി നിഗ്രഹിച്ചു ചടുലനൃത്തമാടി. ഇതിനകം ഭ്രഹ്മാവും മഹാവിഷ്ണുവും ഒക്കെ അവിടെ നിന്നും മറഞ്ഞുകളഞ്ഞു.

പ്രാണര്‍ക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ നോക്കിയ ഭൃഗുമുനിയെയും ഭൂതഗണങ്ങള്‍ പിടികൂടി ജടപിടിച്ചു വലിച്ച് ഓരോന്നായി ഊരിയെടുത്തു. മുനിയുടെ മുഖം രക്താവൃതമായി. അതുകണ്ട് ഭൂതഗണങ്ങള്‍ പൊട്ടിച്ചിരിച്ചു! ‘ഞങ്ങള്‍ പാഷണ്ഡന്മാരായതുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ’എന്നും പരിഹാസരൂപേണ പറഞ്ഞു. കാരണം ഭൃഗുമുനിയാണ്‌ പണ്ട് ശിവഭൂതങ്ങള്‍ പാഷണ്ഡന്മാരായി തീരട്ടെ എന്നു ശപിച്ചത്..

ഇതയുമായപ്പോള്‍ ശിവപാര്‍ഷദനായ നന്ദീകേശന്‍ ഭൃഗുമിനിയെ കാണുന്നു. നന്ദീകേശന്‍ ഓടിചെന്ന് ഭൃഗുവിന്റെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ച്, പല്ലുകളും പറിച്ചുകളയുന്നു. (നന്ദീകേസനേയും ഭൃഗുമുനി പണ്ട് ശപിച്ചിട്ടുണ്ട്)

ഈ സമയം വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനോട് നേരിട്ട് ദക്ഷനെ പിടിച്ച് തല ശൂലത്താല്‍ അരുത്ത് ഹോമകുണ്ഡത്തില്‍ എറിയുന്നു..

ദക്ഷനെ നിഗ്രഹിച്ചിട്ടും വീരഭദ്രന്റെ കോപം ശമിക്കാഞ്ഞതുകണ്ട് ഭയന്ന് മുനികളും ദേവന്മാരും ഒക്കെ ഓടി ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടവുമായി ചെല്ലുന്നു. ബ്രഹ്മാവ് പറയുന്നു, സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം ശമിപ്പിക്കാന്‍ ത്രിലോകങ്ങളിലും ആര്‍ക്കും സാധ്യമല്ല, എന്റെ പുത്രനായ ദക്ഷന്‍ വലിയ അഹങ്കാരിയും ശിവദ്വേക്ഷിയും ആയതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്, പരമശിവന്‍ വിചാരിച്ചാല്‍, മരണമില്ലാത്ത ദക്ഷനെ നിഗ്രഹിക്കാനും മരണമുള്ളവനു മരണമില്ലാത്ത അവസ്ഥയും സിദ്ധിക്കും, അതുകൊണ്ട്, നമുക്കെല്ലാവര്‍ക്കു ചേര്‍ന്ന് വൈകുണ്ഡത്തിലെത്തി, അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനാവുമോ എന്ന് നോക്കാം. അദ്ദേഹത്തിന്റെ കോപം അടങ്ങിയാല്‍ എല്ലാം ശാന്തമാകും.

ബ്രഹ്മാവും മറ്റ് ദേവന്മാരും കൂടി കൈലാസത്തിലെത്തി ശിവനെ വാഴ്ത്തി സ്തുതിക്കുമ്പോള്‍ മുക്കണ്ണന്‍ സമാധിയില്‍ നിന്നുണര്‍ന്ന് അവരെ നോക്കുന്നു. അപ്പോള്‍ ബ്രഹ്മാവു തന്നെ ശിവന്റെ പാദങ്ങളില്‍ വീണ് ദക്ഷന് ആയുസ്സു തിരിച്ചു നല്‍കാന്‍ അപേക്ഷിക്കുന്നു. പരമശിവന്‍ ശാന്തനായി, യാഗത്തിനു ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ചാല്‍ അദ്ദേഹം ജീവിക്കും എന്നരുളുന്നു. ഭൃഗുവിന്റെ ദുരിതങ്ങളും ശമിപ്പിച്ചു.

ദേവന്മാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ നിന്നും യാത്രയായി. വീരഭദ്രനും ഭദ്രയും തിരിച്ചു ശിവനില്‍ തന്നെ ലയിക്കുന്നു. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ച് അദ്ദേഹത്ത് ജീവിപ്പിക്കുന്നു.

അജമുഖനായ ദക്ഷന്‍ അന്നുമുതല്‍ വലിയ ശിവഭക്തനായി തീരുന്നു.

യോഗശാലയില്‍ ദഹിച്ച സതി വീണ്ടും പര്‍വ്വതപുത്രിയായ പാര്‍വ്വതിയായി ജനിച്ച്, ശിവന്റെ പത്നിയായി തീരുകയും ചെയ്യുന്നു. തന്റെ ശരീരത്തിന്റെ പകുതി പത്നിക്കായി നല്‍കി അദ്ദേഹം അര്‍ദ്ധനാരീശ്വരനായും തീരുന്നുണ്ട്. പാര്‍വ്വതീ ദേവിയെ ഉമയെന്നും അംബികയെന്നും മഹേശ്വരി എന്നും നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

(പ്രജാപതിയായ ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നു ദേവി അദ്ദേഹത്തിനെ മകള്‍ ഉമ യായി അവതരിച്ചത്)

*


[കടപ്പാട്: ഡോ. പി. എസ്സ്. നായര്‍-മഹാഭാഗവതം ഗദ്യം)

ആകൂതി മുതലായവരുടെ സന്തതി ചരിത്രം

(ആകൂതി മുതലായവരുടെ സന്തതി ചരിത്രം- ഭാഗവതം)

അദിമനുവിന്റെ (സായംഭൂമനു) അഞ്ചു മക്കളായ ദേവഹൂതി, അകൂതി, പ്രസൂതി, ഉത്താനപാദൻ, പ്രിയവ്രതൻ ഇവരിലൂടെ..

1. ദേവഹൂതിയെ കർദ്ദമമഹർഷി വിവാഹം ചെയ്ത് 9 പെണ്മക്കളും പിന്നെ ഒരു ആണും ഉണ്ടാകുന്നു.
കപിലൻ.
കർദ്ദമന്റെ മരണശേഷം അമ്മയ്ക്ക് കപില മഹർഷി നല്കുന്ന ഉപദേശം വളരെ വേദാന്ത സാരങ്ങൾ നിറഞ്ഞതാണ്.

2. അകൂതിയുടെ കൊച്ചു മകൻ യജ്ഞൻ ത്രിലോകങ്ങളിലും പ്രസിദ്ധനായി ദേവേന്ദ്രനായി അവരോധിക്കപ്പെട്ടു കീർത്തിനേടി.

3. ഉത്താനപാദന്‍
അദ്ദേഹത്തിന്റെ മകനാണ് ധ്രുവന്‍..
ധ്രുവന്റെ മകന്‍-അംഗന്‍-അംഗന്റെ മകന്‍ വേനന്‍- വേനനില്‍ നിന്നും പൃഥു
പൃഥു-അര്‍ച്ചിസ്സ്(പത്നി)
വിജിതാശ്വന്‍ (തിരോധാനവിദ്യ ലഭിച്ചു) -സരസ്വതി(പത്നി)
ഹവിര്‍ദ്ധനന്‍- ശാതോദരി(ഭാര്യ)
ബഹിര്‍സ്സ് (പ്രാചീന ബഹിര്‍സ്സ്) -ശതദ്രുതി(ഭാര്യ)- [ പുരഞ്ചനോപാഖ്യാനം..]
(പ്രചേതാക്കള്‍ തപസ്സിനുപോകുമ്പോള്‍ നിരാശനായ പ്രാചീനബഹിര്‍സ് കപിലാശ്രമത്തില്‍ പോയി തപസ്സ് ചെയ്ത് മുക്തിനേടി)
പ്രചേതാക്കള്‍- മാരിഷ (ഭാര്യ)
ദക്ഷന്‍ (ദക്ഷപ്രജാപതി)- അസ്ക്നി (ഭാര്യ)
ദക്ഷനു ആയിരം പുത്രന്മാരുണ്ടായെങ്കില്‍ എല്ലാവരും സന്യാസം സ്വീകരിച്ചു. അതിനു കാരണം നാരദനാണെന്ന് കരുതി ദക്ഷന്‍ നാരദനെ ഒരിടത്തും ഉറച്ചു നില്‍കാവാതെയാകട്ടെ എന്ന് ശപിച്ചു.
പിന്നീട് ദ്ക്ഷനു അറുപത് പുത്രികളുണ്ടായി. അവരിലൂടെയാൺ‌ പിന്നീട് മനുഷ്യകുലം വളരുന്നത്..

4. പ്രിയവ്രതന്‍ (ഉത്താനപാദന്റെ ജ്യേഷ്ഠന്‍)
പ്രിയവ്രതന്‍ ഒരു വിമാനത്തില്‍ കയറി ഏഴുവട്ടം ഭൂമിയെ പ്രദക്ഷിണം ചെയ്തു, ഭൂമി കറങ്ങുന്ന ഗോളമാണെന്ന് കണ്ടെത്തി, ഏഴു സമുദ്രങ്ങളും ഏഴുദ്വീപുകളും ഉണ്ടെന്ന് കണ്ടെത്തി..
ഋഷഭന്‍ - ജയന്തി( ഇന്ദ്രന്റെ പുത്രി)
ഋഷഭന്‍ നല്ല രാജാവായിരുന്നെങ്കിലും ആത്മീയത്തിലായിരുന്നു കൂടുതല്‍ പ്രതിപത്തി.
അദ്ദേഹം മകനായ ഭരതനെ രാജ്യം ഏല്‍പ്പിച്ച് തപസ്സിനായി പോകുന്നു.. ഒടുവില്‍ ദേശാടനസമയത്ത് കാട്ടുതീയില്‍ പെട്ട് ദേഹം വെടിയുന്നു. (കഥ ഋഷഭചരിതത്തില്‍..)

ഭരതന്‍ (ഭരതരാജാവിന്റെ ഭരണകാലത്താണ് ഭാരതത്തിന് ഭാരതം എന്ന പേര്‍‌ കിട്ടിയത്)
ഭരതന്റെ ഭാര്യയുടെ പേര്‍ പഞ്ചജനി.. (ബാക്കി കഥ ഭരതചരിതത്തില്‍..)

5. പ്രസൂതി.

സായം ഭൂമനുവിന്റെ പുത്രി പ്രസൂതിയെ ദക്ഷന്‍ വിവാഹം കഴിക്കുന്നു. അവര്‍ക്ക് 50 പുത്രിമാരും അഷ്ടവസുക്കളും ജനിക്കുന്നു. പുത്രിമാരില്‍ പത്തുപേരെ ധര്‍മ്മദേവനു വിവാഹം ചെയ്തു കൊടുക്കുന്നു..
ഇരുപത്തിയേഴുപേരെ ചന്ദ്രനു വിവാഹം ചെയ്തു കൊടുക്കുന്നു (27 നക്ഷത്രങ്ങള്‍)
പതിമൂന്നുപേരെ മരീചമുനിയുടെ പുത്രനായ കശ്യപമഹര്‍ഷിക്കു വിവാഹം ചെയ്തു കൊടുക്കുന്നു.
വീണ്ടും മൂന്നു പുത്രിമാരെക്കൂടെ ധര്‍മ്മദേവനു വിവാഹം ചെയ്തു കൊടുക്കുന്നു.
ധര്‍മ്മദേവനും മൂര്‍ത്തി എന്ന പുത്രിയ്ക്കുമായി ജനിക്കുന്നതാണ് വിഷ്ണുവിന്റെ അംശാമായ നരനാരായണന്മാര്‍.

നരനാരായണന്മാര്‍ സഹസ്രകവചനെ വധിക്കുന്നു.
ആയിരം കവചങ്ങളുള്ള സഹസ്രകവചനെ ആയിരം വര്‍ഷം യുദ്ധം ചെയ്യുകയും തുടര്‍ന്ന് ആയിരം വര്‍ഷം തപസ്സനുഷ്ഠിക്കാനും കഴിവുള്ളവര്‍ക്കേ സഹസ്രാക്ഷനെ വധിക്കാനാകൂ എന്ന് വരം ഉള്ളതിനാല്‍ ഒരാള്‍ ആയിരം വര്‍ഷം യുദ്ധം ചെയ്യുമ്പോള്‍ മറ്റേയാള്‍ തപസ്സനുഷ്ഠിക്കയും ചെയ്ത് മാറിമാറി യുദ്ധവും തപസ്സും ചെയ്ത് അവര്‍ സഹസ്രകവചന്റെ തൊണ്ണൂറ്റൊന്‍പതു കവചങ്ങളും അറുക്കുന്നു. ഒടുവില്‍ വീര്യം നഷ്ടപ്പെട്ട ആ അസുരന്‍ ഒരു കവചവുമായി ഭീതിയോടെ ഓടി പാതാളത്തില്‍ ഒളിക്കുന്നു.

പിന്നീട് നരനാരായണന്മാര്‍ ബദര്യാശ്രമത്തില്‍ പോയി തപസനുഷ്ഠിച്ച് വിഷ്ണുപദം പ്രാപിക്കുന്നു.
‘നരനാരായണന്മാര്‍ ബദരികാശ്രമത്തില്‍ സദാ പള്ളികൊള്ളുന്നു, അവിടെപോയി തപസ്സു ചെയ്താല്‍ ഭഗവത് സായൂജ്യം അനായാസേന സിദ്ധിക്കും’ എന്നതാണ് ബദരികാശ്രമത്തെ ഇത്രയും പാവനവും പുണ്യവും ആക്കി തീര്‍ക്കുന്നത്.

ദക്ഷന്റെയും പ്രസൂതിയുടെയും വളര്‍ത്തു പുത്രിയാണ് ഉമാദേവി (സതി).

ദക്ഷന്‍ ഒരിക്കല്‍ നാകമന്ദാകിനിയില്‍ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിടര്‍ന്ന ചെന്താമരയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കിട്ടുന്നു. പ്രസൂതിയുടെ കയ്യില്‍ കൊണ്ട് ഏല്‍പ്പിക്കുന്നു. ആ കുഞ്ഞിനു ‘സതി’ എന്ന പേരും നല്‍കി വളര്‍ത്തി.

ദക്ഷന്‍ സതീദേവിക്ക് പലദിക്കിലും വരനെ തിരഞ്ഞെങ്കിലും, സതി യൌവ്വനാരംഭത്തിലേ സാക്ഷാല്‍ പരമശിവന്‍ തന്റെ പതിയായി ലഭിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ നോമ്പുകളും വ്രതങ്ങളും ഒക്കെ നോക്കാന്‍ തുടങ്ങി.

സതിക്ക് തന്നോടുള്ള പ്രേമം കണ്ട് മനസ്സ് കുളിര്‍ത്ത പരമശിവന്‍ ഒരിക്കല്‍, സതിയെ പരീക്ഷിക്കാനും കളിയാക്കാനുമായി ഒരു വൃദ്ധവടുവിന്റെ രൂപത്തില്‍ വന്ന പരമശിവനെ അധിക്ഷേപിച്ച് സംസാരിക്കുന്നു- ചുടലക്കളത്തിലെ ഭസ്മം പൂശി നടക്കുന്നവനെന്നും, പാമ്പുകളെ കഴുത്തില്‍ അണിഞ്ഞു നടക്കുന്നവനെന്നും സ്വന്തമായി പാര്‍പ്പിടം പോലും ഇല്ലാത്ത വിരൂപനും പ്രാകൃതനും ഒക്കെയാണ് ശിവന്‍ എന്നും ഒക്കെ പറഞ്ഞ് സതീദേവിയുടെ സുഖ ജീവിതവുമായി താരതമ്യപ്പെടുത്തുന്നു..

പരമശിവനെ എത്രയൊക്കെ തരം താ‍ഴ്ത്തി സംസാരിച്ചിട്ടും സതിക്ക് തന്നോടുള്ള പ്രേമം അണുവിട കുറയുന്നില്ലെന്ന് കണ്ട പരമശിവന്‍ സം‌പ്രീതനായി, ഒടുവില്‍ സ്വന്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാഹനമായ് കാളപ്പുറത്ത് ഇരുത്തി കൈലാസത്തിലേക്ക് കൊണ്ടുപോകുന്നു.

ഇത് ദക്ഷനു ശിവനോടുള്ള സ്വതവേ ഉള്ള പക ഇരട്ടിപ്പിക്കുന്നു..