Thursday, November 12, 2009

വരാഹാവതാരം

ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു. ആദ്യം സനൽക്കുമാരന്മാർ, പിന്നെ നാരദൻ, പിന്നെ സപ്തർഷികൾ..പക്ഷെ, ആരും പുത്രോൽ‌പ്പാദനത്തിനു തയ്യാറായില്ല. അങ്ങിനെ എന്തെങ്കിലും കുറവോടെ നിർമ്മിച്ചാലേ രക്ഷയുള്ളൂ എന്നുകരുതി ചെറിയ കുറവുകളോടെ ആദ്യത്തെ ആണായ സായംഭൂമനുവിനെയും ശതരൂപാദേവിയേയും സൃഷ്ടിച്ചു.

അവർക്ക് എന്തോ കുറവുള്ളതായി തോന്നുകയും. തങ്ങളുടെ ആനന്ദം അപൂർണ്ണമായി തോന്നുകയും അത് മറ്റേ ആൾ നികത്തും എന്നും ഉള്ള തോന്നലുണ്ടാകുന്നു. അങ്ങിനെ അന്യോന്യം ആകൃഷ്ടരാകുന്നു. അവർക്ക് ജീവിക്കാൻ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല!

ബ്രഹ്മാവ് ധ്യാനനിരതനായി നോക്കുമ്പോൾ കണ്ടു, ഭൂമിയെ അസുരന്മാർ പാതാളത്തിൽ കൊണ്ടുപോയിരിക്കുന്നു!അങ്ങിനെ ബ്രഹ്മാവ് ഭഗവാനോട് അപേക്ഷിക്കുന്നു ഭൂമിയെ രക്ഷിച്ച് പൂർവ്വ സ്ഥൽത്ത് കൊണ്ടെത്തിക്കാൻ. അങ്ങിനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രഹ്മാവി‍ന്റെ നാസാദ്വാർത്തിൽ നിന്നും പെരുവിരലിന്റെ ആകൃതിയിലും വലിപ്പത്തിലും എന്തോ ഒന്ന് പുറത്തു ചാടുന്നു! അത് ഉടൻ തന്നെ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ഭീമാകാരനായി ഒരു പന്നിയുടെ രൂപത്തിൽ വളർന്നു. അത് ഭഗവാന്റെ ജ്ഞാനവരാഹമാണെന്നു കണ്ടു എല്ലാവരും ഗുരുവായി നമസ്കരിച്ചു

വരാഹം നേരെ കാർജന(?)ത്തിലേക്ക്(ആഴി) ചാടുന്നു. അവിടെ നിന്നും ഭൂമിയെ തന്റെ കൊമ്പുകളിൽ ഉയർത്തിക്കൊണ്ട് വരുമ്പോൾ അതാ വഴിമധ്യേ നിൽക്കുന്നു എതിർക്കാനായി ഹിരണ്യാക്ഷൻ!
--

ഹിരണ്യാക്ഷന്റെ കഥ

കശ്യപ മഹർഷിയുടെ പത്നി, ദിതി ഒരിക്കൽ സന്ധ്യാവന്ദന സമയത്തിൽ മുനിയോട് നിർബന്ധിച്ച് ബന്ധപ്പെടുന്നു. അപ്പോൾ മുനി പറയുന്നു, ‘സന്ധ്യാ സമയത്തു ബന്ധപ്പെട്ടതുകൊണ്ട്, ജനിക്കുന്ന കുട്ടികൾ അസുരഗുണമുള്ളവനായിരിക്കും’. ദിതിയ്ക്ക് ഉണ്ടായ മക്കളാണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും.

ദിതി ഹിരണ്യാക്ഷനെ 100 വർഷം ഗർഭത്തിൽ കൊണ്ടു നടന്നു. ഒടുവിൽ പ്രസവിച്ചയുടൻ ഹിരണ്യാക്ഷൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അമ്മയോട് ചോദിക്കുന്നു, ‘അമ്മേ എന്റെ കൈ തരിക്കുന്നു എനിക്ക് ആരെയെങ്കിലും പൊരുതണം’ എന്ന്. ദിതി വരുണലോകത്തേക്ക് പോകാൻ പറയുന്നു. ഹിരണ്യാ‍ക്ഷനെ കണ്ട് പേടിച്ച് വരുണഭഗവാൻ ഓടുന്നു. അതിനിടയ്ക്ക് വിളിച്ചു പറയുന്നു, ‘പോയി നാരദമുനിയോട് ചോദിക്കാൻ’ നാരദമുനിയെ തടുത്തു നിർത്തുമ്പോൾ അദ്ദേഹം പറയും ‘ഹരിയോടെതിർക്കാൻ’ .

ഹരി എവിടെ എന്നും പറഞ്ഞ് ഹിരണ്യാക്ഷൻ നോക്കുമ്പോൾ ഭൂമിയേയും കൊമ്പിൽ ഉയർത്തിക്കൊണ്ട് വരാഹം വരുന്നു!
“ഈ പന്നിയാണോ എന്നെ എതിർക്കുന്നത്?!” എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ തുടങ്ങുന്നു
ഭഗവാൻ പറയുന്നു, “നിന്നെപ്പോലെ മൃഗങ്ങളോടെതിർക്കാൻ പന്നി തന്നെ വേണം”.
അതിനിടെ ഹിരണ്യാക്ഷനെ കണ്ട് ഭയന്ന് കരയാൻ തുടങ്ങിയ ഭൂമിദേവിയെ സമാധാനിപ്പിച്ച്, പൂർവ്വ സ്ഥലത്ത് നിക്ഷേപിച്ച ശേഷം വരാഹമൂർത്തി ഹിരണ്യാക്ഷനുമായി പൊരുതുന്നു. ഇടക്ക് ഹിരണ്യാക്ഷൻ ഭഗവാന്റെ ഗദ തെറിപ്പിക്കുന്നു. ‘എങ്കിൽ പിന്നെ എനിക്കും വേണ്ട ഗദ’ എന്നൊക്കെ ഗമയിൽ പറഞ്ഞ് ഹിരണ്യാക്ഷൻ പൊരുതുന്നു. അപ്പോൾ യുദ്ധം കാണാൻ കൂടി നിന്ന ദേവന്മാർ ഭഗവാനെ ഓർമ്മിപ്പിക്കുന്നു ‘സന്ധ്യയോടറുക്കാറായി. സന്ധ്യയടുക്കുമ്പോഴാണ് അസുരന്മാർക്ക് ബലം കൂടുന്നത്. സൂര്യനസ്തമിക്കും മുൻപ് കൊല്ലാനപേക്ഷിക്കുന്നു. അങ്ങിനെ ഭഗവാൻ, ഹിരണ്യാക്ഷനെ അതി ശക്തമായ പ്രഹരം കൊടുത്ത്, തകർത്ത് മലർത്തിയിടുന്നു’.

ഹിരണ്യാക്ഷനെ കൊല്ലാനും ഭൂമിയെ വീണ്ടെടുക്കാനുമായായിരുന്നു ഭഗവാൻ വരാഹമായവതരിച്ചത്.


ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും പൂർവ്വ കഥ:

വിഷ്ണുവിന്റെ ദ്വാരപാലകരായിരുന്നു ജയവിജയന്മാർ.
ഒരിക്കൽ സനൽകുമാരന്മാർ വിഷ്ണുവിനെ കാണാൻ ചെല്ലുമ്പോൾ ജയവിജയന്മാർ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ആ ദേഷത്തിൽ സനൽക്കുമാരാദി മഹർഷികൾ ജയവിജയന്മാർ അസുരയോനിയിൽ ജനിക്കുമാറാകട്ടെ എന്ന് ശപിക്കുന്നു
ശാപം കിട്ടിയ ജയവിജന്മാർ മഹാവിഷ്ണുവിനോട് പാപവിമുക്തമാക്കാൻ അപേക്ഷിക്കുന്നു
മഹാവിഷ്ണു പറയുന്നു, പണ്ട് ലക്ഷ്മീ ദേവിയും ഒരിക്കൽ എവിടെയോ പോയിട്ട് തിരിച്ച് വരാൻ താമസിക്കുമ്പോൾ നിങ്ങൾ കടത്തിവിട്ടില്ല, നിങ്ങൾക്കല്പം അഹംഭാവം കൂടയിട്ടുണ്ട്. അതിനാ‍ൽ ഈ ശാപം വേണ്ടത് തന്നെ. പക്ഷെ, നിങ്ങൾ ജനിക്കുമ്പോൾ എന്നെത്തന്നെ സ്മരിക്കാൻ പാകത്തിൽ
എന്റെ ബദ്ധവൈരികളായി ജനിക്കും. അപ്പോൾ എപ്പോഴും എന്നെത്തന്നെ കോപത്താൽ സ്മരിച്ച്
നിങ്ങൾക്ക് അടുത്ത ജന്മം വീണ്ടും തിരിച്ച് വൈകുണ്ഠത്തിൽ എത്താനാ‍കും” എന്ന്.
അങ്ങിനെയാണ് ഹിരണ്യാക്ഷണും ഹിരണ്യകശിപുവും ദ്വിതിയുടെ വയറ്റിൽ അസുരന്മാരായി ജനിക്കുന്നത്. രണ്ടുപേരും വിഷ്ണുവരികളായാണ് ജനിക്കുനതും. ഹിരണ്യാക്ഷനെ വരാഹമൂർത്തി കൊല്ലുമ്പോൾ ഹിരണ്യകശിപുവിന്റെ പ്രഹ്ലാദനെ രക്ഷിക്കാനായി ഭഗവാൻ നരസിംഹമൂർത്തിയായി പ്രത്യക്ഷമായി കൊല്ലുന്നു.