Sunday, November 1, 2009

പരീക്ഷിത്തിന്റെ ജനനം

ഭാഗവതം തുടങ്ങുന്നത് ഭാരതം കഴിയുമ്പോൾ :

ഭാരതയുദ്ധം കഴിഞ്ഞ് മഹാഭാരതത്തിന്റെ അവസാനമാണ് പരീഷിത്തിന്റെ ജനനം.
പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് ശ്രീമഹാഭാഗവതം (മഹാവിഷ്ണുവിന്റെ അവതാരകഥകൾ) ശ്രീസൂതമഹർഷി പറയുന്നു. പിന്നീട് ശ്രീകൃഷ്ണൻ ദേഹത്യാഗം ചെയ്തശേഷം കലിയുഗമാരംഭിക്കുമ്പോൾ നൈമിശികാരണ്യത്തിൽ വച്ച് സൂതമഹർഷി ശൌനകാനികൾക്കായി വീണ്ടും പറയുന്നു.

പരീക്ഷിത്തിന്റെ ജനനം

ദുര്യോധനൻ ഭീമനാൽ തുട തകർക്കപ്പെട്ട്, യുദ്ധക്കളത്തിൽ മരിക്കാൻ കിടക്കുമ്പോൾ അതുകണ്ടു വരുന്ന അശ്വത്ഥാമാവ് ‘സ്വാമീ, അങ്ങയെ ഈ വിധം ദ്രോഹിച്ചവരുടെയൊക്കെ കുലത്തോടെ നശിപ്പിച്ചിട്ടേ ഇനി കാര്യമുള്ളൂ എന്നു പറഞ്ഞ് പോകുന്നു. (അശ്വത്ഥാമാവിനെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ച് സ്വീകരിച്ചതിന്റെ നന്ദി! പണ്ട് പാലിനു പകരം മാവുപൊടി വെള്ളത്തിൽ കലർത്തി പാലാണെന്ന് പറഞ്ഞ് കൊടുത്തു അമ്മ, അത്രയ്ക്ക് നിവൃത്തികേടായിരുന്നു. അതിൽ നിന്നും രക്ഷിച്ചത് ദുര്യോദനനാണ്)

അശ്വത്ഥാമാവ് രാത്രി പാണ്ഡവരുടെ പർണ്ണശാലയിൽ എത്തുന്നു. അവിടെ പാണ്ഡവരെ കാണാഞ്ഞ്(പാണ്ഡവരെ ശ്രീകൃഷ്ണൻ നേരത്തെതന്നെ മാറ്റിയിരുന്നു!) ഉറങ്ങിക്കിടക്കുന്ന പാണ്ഡവരുടെ അഞ്ച് പുത്രന്മാരുടെയും തല വെട്ടി, തിരിച്ച് ദുര്യോദനെ കൊണ്ട് കാണിക്കുമ്പോൾ ദുര്യോദനൻ അശ്വദ്ധാമാവിനെ ശപിക്കുകയാണ് ചെയ്യുന്നത്, ‘ഒന്നാമത് ഒരു ബ്രാഹ്മണനായ നിനക്ക് വധം പറഞ്ഞിട്ടുള്ളതല്ല, രണ്ടാമത് നിരപരാ‍ധികളെ യുദ്ധമുറയൊക്കെ തെറ്റിച്ച് കൊന്നു, അതുകൊണ്ട്, നീ ഒരുക്കലും ഗതികിട്ടാത്ത ചിരഞ്ജീവിയായി അലയുമാറാകട്ടെ’ എന്ന് ശപിക്കുന്നു.
(ചിരഞ്ജീവിമാർ രണ്ടുതരത്തിലുണ്ട്.സുകൃതം ചെയ്തു പുണ്യാത്മാവും. ദുഷ്കൃതം ചെയ്ത് ഗതികിട്ടാത്ത ആത്മാവായും.)


പിന്നീട് അർജ്ജുനൻ അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി തന്റെ അഞ്ചുമക്കളുടെ മരണത്തിൽ വിതുമ്പിക്കൊണ്ട് നിൽക്കുന്ന പാഞ്ചാലിയുടെ മുന്നിൽ കൊണ്ടു വരുന്നു.. അപ്പോൾ പാഞ്ചാലി പറയുന്നു.
“വേണ്ട അവനെ കൊല്ലണ്ട. അവൻ ബ്രാഹ്മണനാണ്, ഗുരുപുത്രനാണ്. ഞാനനനുഭവിക്കുന്ന ഈ കൊടും പുത്രദുഃഖം അശ്വദ്ധാമാവിന്റെ അമ്മ (ഗൌതമി) കൂടി അനുഭവിക്കേണ്ട. ഭർത്തൃദുഃഖത്താൽ പരിതപിച്ചുകൊണ്ടിരിക്കുന്ന ആ പതിവ്രതയ്ക്ക് പുത്രദുഃഖം കൂടി കൊടുക്കരുതേ എന്നാണ് പാഞ്ചാലി കേഴുന്നത്. (തനിക്ക് സംഭവിച്ച പോലെ ഒരു ദുഃഖം മറ്റൊരാൽക്ക് നൽകരുതേ എന്നു പ്രാർത്ഥിക്കാനുള്ള ഹൃദയവിശാലത ഭാരതത്തിനുണ്ടായിരുന്നു!)

അപ്പോൾ ആകെ കൺഫ്യൂഷനായ അർജ്ജുനൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു ‘ ഞാനിവനെ എന്തുചെയ്യണം അങ്ങ് പറയുക.’
ശ്രീകൃഷണൻ പറയുന്നു, ‘ഇവൻ ബ്രാഹ്മണനായതുകൊന്റ് കൊല്ലാനും പാടില്ല, എന്നാൽ തെറ്റ് ചെയ്തവനായതുകൊണ്ട് കൊല്ലുകയുംവേണം. ഒരു കാര്യം ചെയ്യാം അവന്റെ തലമുടി (കുടുമ-ചൂഡാമണിയൊടുകൂടിയ കുടുമ) അറുത്ത് വിടുക.’ (കുടുമ മുറിക്കുന്നതും ബ്രാഹ്മണരെയും ക്ഷത്രിയരെയും സംബന്ധിച്ച് വലിയ ശിക്ഷയാണ്. തലവെട്ടിയതിനു തുല്യമാകും.)

അങ്ങിനെ അശ്വദ്ധാമാവിന്റെ കുടുമ ചൂടാമണിയോടെ വെട്ടിമാറ്റി വിടുമ്പോൾ ഉടൻ അശ്വദ്ധാമാവ് വേദനയോടെ ഓടി മറയുന്നതിനിടക്ക് ഉടൻ ചെയ്യുന്നത് ബ്രഹ്മാസ്ത്രം തൊടുത്തുവിടുകയാണ്.. ഉത്തരയുടെ ഗർഭത്തിൽ കിടക്കുന്ന ശിശുവിന്റെ (പരീക്ഷിത്ത്) നേർക്ക്..

ശ്രീകൃഷ്ണൻ പറയുന്നു “പാണ്ഡവകുലം വംശനാശം വരാതിരിക്കാൻ ഞാൻ കാത്തോളാം. എന്നാൽ, ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലാൻ തുനിഞ്ഞതിനാൽ നീ ഗതികിട്ടാത്ത ആത്മാവായി മൂവ്വായിരം കൊല്ലം ഭൂമിയിൽ ചുറ്റേണ്ടിവരും” എന്ന്. (ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലുന്നവന് പാപികളിലും വച്ച് പാപിയാണ്)

ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടും കുരുക്ഷേത്രഭൂമിയിൽ പോയി മരിച്ചവർക്കൊക്കെ പിതൃദർപ്പണം ചെയ്ത ശേഷം തിരിച്ച് ദ്വാരകയിലേക്ക് പോകാനൊരുങ്ങുമ്പോൾ കരഞ്ഞുകൊണ്ട്
ഉത്തര ഓടിവരുന്നു.. തന്റെ ഗരഭസ്ഥശിശുവിനെ അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിൽ നിന്നും രക്ഷിക്കാനായി. ഉടൻ ശ്രീകൃഷണൻ തന്റെ സുദർശനമൂർത്തിയെ അയക്കുന്നു ശിശുവിനെ രക്ഷിക്കാൻ. എന്നാൽ ഗർഭത്തിൽ വച്ച്, കുഞ്ഞ് സുദർശനപ്രഭകണ്ട് ഭയക്കാതിരിക്കാനായി ഏറ്റവും ചെറിയ രൂപത്തിൽ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ആ പ്രഭയ്ക്കു നാലുവശത്തും പുഞ്ചിരിതൂക്കിക്കൊണ്ട് നിൽക്കുന്നു. പ്രഭകണ്ട് കണ്ണു മിഴിച്ച് നോക്കുന്ന കുഞ്ഞ് കാണുന്നത് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭഗവാന്റെ രൂപം മാത്രമാണ്. അങ്ങിനെ പരീക്ഷിത്തിന് ഗർഭത്തിൽ വച്ചുതന്നെ ഭഗവത് ദർശനം കിട്ടിയിരുന്നു.
ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടുമൊപ്പം കുരുക്ഷേത്രയുദ്ധഭൂവിൽ ചെല്ലുന്നു..
അവിടെ ഭീഷ്മ പിതാമഹൻ ശരശയ്യയിൽ കിടപ്പുണ്ട്..

ധർമ്മോപദേശവും വിഷ്ണുസഹസ്രനാമസ്തോത്രവും:

ഭീക്ഷപിതാമഹന് സ്വച്ഛന്തമൃത്യു എന്ന വരം ഉള്ളതുകൊണ്ട് താൻ സ്വയം ആഗ്രഹിച്ചാൽ മാത്രമേ ജീവൻ വെടിയാനാകൂ. അദ്ദേഹത്തിനടുത്ത് വിഷാദവാനായി ധർമ്മപുത്രർ ശ്രീകൃഷ്ണനോടൊപ്പം എത്തുന്നു. അപ്പോൾ ഭീക്ഷപിതാമഹന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നു. അതുകണ്ട് വേദനയാലാകുമെന്ന് കരുതി ആശ്വസിപ്പിക്കാനൊരുമ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറയുന്നു, “ഞാൻ കരയുന്നത് എന്റെ വേദനയാലല്ല, നിന്റെ വേദനയോർത്താണ്. നീ എത്ര ഭാഗ്യവാനാണ്! അനുസരണയുള്ള അനുജന്മാർ; ധർമ്മത്തിനുവേണ്ടി പൊരുതാൻ ഒരു ജന്മം! ഇതെല്ലാറ്റിനുമുപരി ശ്രീകൃഷണനെ തന്നെ സന്തതസഹചാരിയും കൂട്ടുകാരനായും കൂടെ കിട്ടുക എന്നതിൽ പരം ഭാഗ്യം മറ്റെന്തുണ്ട്! എന്നിട്ടും നീ ദുഃഖിക്കുന്നു. അതോർത്താണ് എന്റെ വിഷമം”

അപ്പോൾ ശ്രീകൃഷ്ണൻ പറയുന്നു. “ഇപ്പോഴും ഇദ്ദേഹത്തിന്റെ ദുഃഖം മാറിയിട്ടില്ല, അങ്ങ് ദയവുചെയ്ത് അങ്ങയ്ക്കറിയാവുന്ന ധർമ്മം ഉപദേശിച്ചുകോടുത്താലും” എന്ന്

അങ്ങിനെ അവിടെ വച്ച് ഭീക്ഷ്മർ ധർമ്മപുത്രർക്ക് ധർമ്മോപദേശവും പിന്നെ ഭഗവത് സ്മരണയ്ക്കായി വിഷ്ണുസഹസ്രനാമവും പറഞ്ഞുകൊടുക്കുന്നു..
(ധർമ്മോപദേശം പിന്നീട് ഉദ്ധവരുടെ കഥയിൽ വ്യക്തമായിഎടുത്ത് പറയും)

ധർമ്മോപദേശം പറയുന്നതിനിടയ്ക്ക്, ‘സ്ത്രീധർമ്മ’ത്തെപ്പറ്റി പറയുന്ന ഭാഗം വരുമ്പോൾ പാഞ്ചാലി ചിരിക്കുന്നു ‘അങ്ങ് എന്റെ വസ്ത്രാക്ഷേപസമയത്തൊക്ക് എന്തേ ഈ ധർമ്മം കാണിച്ചില്ല എന്ന് ചോദിച്ച്! അപ്പോൾ ഭേഷ്മർ പറയുന്നു, ‘അന്ന് ദുര്യോദനന്റെ ചോറുണ്ട് എന്റെ രക്ഷം ദുഷിച്ചിരുന്നു..
അതുകൊണ്ട് ഈ ധർമ്മം ഉപദേശിക്കാൻ ഞാൻ അയോഗ്യനായിരുന്നു. ഇപ്പോൾ ശ്രീകൃഷ്ണാംശമായ അർജ്ജുനന്റെ അസ്ത്രം ഏറ്റ് ആ ദുഷിച്ച് രക്തം എല്ലാം വാർന്നുപോയിരിക്കുന്ന്. ഇപ്പോൾ ഞാൻ ധർമ്മ ഉപദേശിക്കാൻ യോഗ്യനായിരിക്കുന്നു’ എന്ന്.

ഒടുവിൽ ഭീക്ഷമർ സ്വച്ഛന്തമൃത്യു വരിക്കാൻ/ ദേഹം ത്വജിക്കാൻ തയ്യാറാകുമ്പോൾ, അടുത്തു നിൽക്കുന്ന ശ്രീകൃഷനോട് അപേക്ഷിക്കുന്നത്, “അങ്ങ് എല്ലാ ആപത്ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നത് ഒന്നു മാത്രം അങ്ങയോടുള്ള് ഭക്തി ഒന്നുമാത്രം. ഗോപികമാർക്ക് അങ്ങയോടുണ്ടായിരുന്ന പ്രണയം കലർന്ന അതിതീവ്രമായ ഭക്തി തന്ന് എന്നെ അനുഗ്രഹിച്ചാലും” എന്നാണ്. പിന്നീട് ഭീക്ഷ്മർ സ്വച്ഛന്തമൃത്യു വരിക്കുന്നു.

ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് പോകുന്നു..

ഉത്തര ശ്രീകൃഷ്ണനാൽ കാത്തു രക്ഷിക്കപ്പെട്ട പരീക്ഷിത്തിനു ജന്മം കൊടുക്കുന്നു.

*

No comments:

Post a Comment