Monday, November 23, 2009

ധ്രുവൻ

സായം ഭൂമനുവിന്റെയും ശതരൂപാദേവിയുടെയും മകനായ ഉത്താനപാദന്റെ മകനാണ് ധ്രുവന്‍‌.

ബ്രഹ്മാവിന്റെ വലത്‌ പകുതിയില്‍ നിന്നും ഉണ്ടായ സ്വയംഭൂമനുവിന്റെ (ആദ്യ മനു) മകന്‍ ഉത്താനപാദമഹാരാജാവിന്‌ രണ്ടുഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും. (അന്നത്തെ ക്കാലത്ത്‌ രാജവംശത്തിന്റെ നിലനില്‍പ്പിന്‌ വേണ്ടി രാജാക്കന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുമായിരുന്നു.) സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനും. മക്കള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ വാണിരുന്നെങ്കിലും. അമ്മമാര്‍ അത്ര രസത്തിലായിരുന്നില്ല. സുരുചിയുടെ അഹങ്കാരമായിരുന്നു അതിനു കാരണം. സുരുചിയക്ക്‌ സ്വതവേ താന്‍ മികച്ചവളാണെന്ന ഒരഹങ്കാരം, ഉണ്ടായിരുന്നു. ആ വിചാരം കൂടിക്കൂടി അത്‌ ആപത്തിലെത്തുംവരെ തുടര്‍ന്നു. സുരുചിയക്ക്‌ രാജാവിന്റെ സ്നേഹം മുഴുവനും വേണം, സുനീതിയുടെ മകനെക്കാള്‍ തന്റെ മകനെ രാജാവ്‌ ഇഷ്ടപ്പെടണം എന്നു തുടങ്ങിയ ദുര്‍വാശി കള്‍ ഉണ്ടായി.ഒരിക്കല്‍ രാജാവിന്റ അടുത്ത്‌ സുരുചിയും മകനും ഇരുന്നപ്പോള്‍ കേവലം അഞ്ചു വയസ്സുമാത്രം പ്രായമായ ധ്രുവരാജകുമാരനും അവിടെ വരാനിടയായി. ഉത്തമന്‍ അച്ഛന്റെ മടിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തനിക്കും പിതൃവാത്സല്യം അനുഭവിക്കാന്‍ ആഗ്രഹമുണ്ടായി ധുവനും അടുത്തുചെന്നു. രാജാവ്‌ ധ്രുവനെക്കൂടി മടിയിലേറ്റി ലാളിക്കാന്‍ തുടങ്ങി. ഇത്‌ സുരുചിയ്ക്ക്‌ ഇഷ്ടമായില്ല. അവളില്‍ അസൂയ മുഴുത്തു. അവള്‍ ആക്രോശിച്ചു. "നീ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു കടന്നു വന്നത്‌ ? . ഞാനും എന്റെ മകനുമല്ലേ ഇവിടെ ഇരുന്നിരുന്നത്‌. സ്വസ്ഥത നശിപ്പിക്കനായി നീ എന്തിനു വന്നു ? . നിന്റെ അമ്മയുടെ വയറ്റില്‍ പിറന്ന കുറ്റത്താല്‍ നീ അമ്മയുടെ അടുത്തു തന്നെ നിന്നോളു. അതല്ല രാജാവിന്റെ മടിയില്‍ ഇരിക്കണമെങ്കില്‍ മഹാവിഷ്ണുവിനെ തപം ചെയ്‌ത്‌ എന്റെ മകനായി ജനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക" എന്നു പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. ധ്രുവരാജകുമാരന്റെ കണ്‍കളില്‍ നിന്നു കണ്ണുനീര്‍ അടര്‍ന്നു വീണു, രാജാവ്‌ ഇതികര്‍ത്തവ്യാമൂഢനായി, സഹോദരന്റെ കണ്‍കളിലും കണ്ണൂനീര്‍ നിറഞ്ഞു. ഇതൊന്നും അഹങ്കാരതിമിരം ബാധിച ¸ുരുചി കാണുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. പരിഹാസ്യനായ ധ്രുവരാജകുമാരന്‍ കണ്ണീരോടെ അമ്മ സുനീതിയുടെ അടുത്തേയ്ക്കോടി. മകന്റെ കണ്ണീരിന്റെ കാരണം അന്വേക്ഷിച്ചറിഞ്ഞ സുനീതിക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞുപോയി. "ദുര്‍ഭാഗ്യയായ എന്റെ ഉദരത്തില്‍ പിറന്നതുകൊണ്ടായിരിക്കാം നിനക്കീഗതിവരാന്‍ കാരണം. മോന്‍ മഹാവിഷ്ണുവിനെ ഭജിക്കുക. അദ്ദേഹം കനിഞ്ഞാല്‍ എല്ലാം നേരേയാകും" . എന്നു പറഞ്ഞു സമാധാനിപ്പിച്ചു.ധ്രുവരാജകുമാരന്‌തനിക്കേറ്റ അപമാനം, നീതികേട്‌ സഹിക്കാനാവുന്നതായിരുന്നില്ല. മഹാവിഷ്ണു മാത്രമേ തനിക്കു ശരണമായുള്ളു എന്ന്‌ ആ പിഞ്ചു മനസ്സ്‌ ഉറച്ചു, ധ്രുവന്‍ അമ്മയോടു പറഞ്ഞു, "അമ്മേ ഞാന്‍ മഹാവിഷ്ണുവിനെ തപസ്സു ചെയ്‌തു പ്രീതിപ്പെടുത്തി, എന്റെ ദുഖനിവാരണ മാര്‍ഗ്ഗം ആരായുവാന്‍ പോകയാണു". അത്‌ സുരുചിക്ക്‌ അതിലും വലിയ ദുഖഭാരമായി. ഇത്ര ഇളം വയസ്സിലേ തപസ്സുചെയ്യാന്‍ പോകയോ അതും! സിംഹങ്ങളും പുലികളും മറ്റു ക്രൂരജന്തു ക്കളും നിറഞ്ഞ ഘോരവനത്തില്‍. സുനീതിയ്ക്കത്‌ ഉള്‍ക്കൊള്ളാ നായില്ല." എനിക്ക്‌ ഒരാപത്തും വരില്ലമ്മേ, അമ്മയും ഞാനും ദിനവും കുമ്പിടുന്ന നാരായണന്‍ എന്നെ രക്ഷിച്ചുകൊള്ളും" എന്നുപറഞ്ഞ്‌ അമ്മയുടെ മൗനാനുവാദവും വാങ്ങി ആ ബാലന്‍ വനത്തിലേയ്ക്കു യാത്രയായി. ധ്രുവന്റെ കണ്ണുകളില്‍ അപ്പോഴും കണ്ണുനീര്‍ തളംകെട്ടി കിടന്നിരുന്നു.വഴിയില്‍ വച്ച്‌ ധ്രുവന്‍ നാരദമുനിയെ കണ്ടുമുട്ടി. അദ്ദേഹം കാരണമാരാഞ്ഞറിഞ്ഞു. ധ്രുവനെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാന്‍ ധ്രുവന്‍ കൂട്ടാക്കിയില്ല . ഇത്ര ചെറുതിലേ ഇത്ര വൈരാഗ്യ ഭക്‌തിയുള്ള ധ്രുവന്റെ ഭക്‌തി സാക്ഷാത്കരിക്കുക തന്നെ ചെയ്യപ്പെടണമെന്നു നാരദമുനിക്കും തോന്നി. അദ്ദേഹം ധ്രുവനെ സമാധാനിപ്പിച്ച്‌ തപസ്സിനു വേണ്ട മന്ത്രങ്ങളും സുരക്ഷിതമായിരുന്ന്‌ - തപസ്സുചെയ്യാന്‍ ഒരിടവും കാട്ടിക്കൊടുത്തു മറഞ്ഞു.ധ്രുവന്‍ തപസ്സുതുടങ്ങി. വിശപ്പും ദാഹവും, വെയിലും മഴയും, കാറ്റും പിശറും ഒന്നും ധ്രുവന്‍ അറിഞ്ഞില്ല. അത്രയ്ക്കായിരുന്നു ധ്രുവനിലുള്ള ഭക്‌തി. ആദ്യ ദിവസങ്ങളില്‍ മൂന്നുദിവസം കൂടുമ്പോള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു, പിന്നീട്‌ ആറു ദിവസങ്ങളിലൊരിക്കല്‍ ഇലവര്‍ഗ്ഗങ്ങള്‍ പിന്നെ വെള്ളം മാത്രമായി, പിന്നെ വായുമാത്രമായി. പിന്നെ ഒന്നുമില്ലാതെ. വായുവിന്റെ ചലനം നിന്നു. വായുവിന്റെ ഗതിയാകെ നിന്നു. ജീവജാലങ്ങളൊക്കെ വിഷമിക്കാന്‍ തുടങ്ങി. ധ്രുവന്റെ ഭക്‌തികണ്ട്‌ മഹാവിഷ്ണുവിന്റെ മനസ്സു നിറഞ്ഞു. അദ്ദേഹം ആ പിഞ്ചുബാലന്റെ അരികിലെത്തി. ധ്രുവനെ തന്റെ മടിയിലിരുത്തി. ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും ധ്രുവന്റെ ആദ്യ ആഗ്രഹം തന്റെ സ്വന്തംപിതാവിന്റെ മടിയില്‍ അവകാശത്തോടെ ഇരിക്കണം എന്നതുതന്നെയായിരുന്നു. പിന്നീട്‌ ജീവിതാഭിലാഷമായ മഹാവിഷ്ണുവിനോടുള്ള തീവ്ര ഭക്‌തിയും വരമായി ചോദിച്ചു. അദ്ദേഹം പറഞ്ഞു, " നീ നിഷ്കാസിതനായിടത്ത്‌ നിന്നും പൂര്‍വ്വാധികം സ്നേഹം നിനക്കു കിട്ടും, നീ ആ രാജ്യം അനേകവര്‍ഷം ഭരിക്കും. എന്നില്‍ വന്നണയും. ഉത്തരപര്‍വ്വത്തിലുള്ള ധ്രുവപദത്തില്‍ എത്തി ധ്രുവനക്ഷത്രമായി ലോകാവസാനം വരെ പ്രഭതൂകി നില്‍ക്കും" , എന്നു പറഞ്ഞു മറഞ്ഞു.ധ്രുവന്റെ ഉള്ളം കുളിര്‍ത്തു. രാജകുമാരന്‍ നേരേ കൊട്ടാരത്തിലെയ്ക്ക്‌ നടന്നു. അവിടെ ധ്രുവനെ വരവേല്‍ക്കാന്‍ കണ്ണീരോടെ സുനീതിയും സ്വന്തം പ്രവൃത്തിയില്‍ പശ്ച്ഛാത്തപിച്ചു തുടങ്ങിയ സുരുചിയും ഉത്താനപാദനും ഉത്തമനും നിന്നിരുന്നു. അവര്‍ അവനെ വാരിപ്പുണര്‍ന്നു. രാജാവു മടിയിലിരുത്തി ലാളിച്ചു. അതുകണ്ട്‌ ഉത്തമന്‍ കൈകൊട്ടി ചിരിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. സുരുചിയും സുനീതിയും നിര്‍വൃതിയോടെ നോക്കിനിന്നു. ! പ്രായപൂര്‍ത്തി എത്തിയപ്പോള്‍ രാജാവ്‌ ധ്രുവനെ രാജഭരണം ഏല്‍പ്പിച്ചു. ധ്രുവരാജകുമാരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടരാജാവായി പലവര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം പൂര്‍വ്വാധികം അഭിവൃദ്ധിപ്പെട്ടു. എങ്ങും സന്തോഷവും സുഭിഷതയും തിങ്ങി നിന്നു. ഇഹലോകത്തില്‍ തന്റെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ധ്രുവരാജാവ്‌ സംതൃപ്തിയോടെ സ്വര്‍ഗ്ഗലോകം പൂകി. മരിക്കുമ്പോൾ മരണദേവന്റെ രഥത്തിനെ അദ്ദേഹം തോൽ‌പ്പിക്കുന്നു. സ്വർഗ്ഗലോകത്തിൽ നിന്നും ധ്രുവനെ ആനയിക്കാനായി പ്രത്യേക പല്ലക്ക് വരുന്നു. അപ്പോൾ തൻന്െ അമ്മയോ‍? എന്നു പറഞ്ഞ് പല്ലക്കിൽ കയറാൻ മടിക്കുമ്പോൾ അമ്മയ്ക്ക് മറ്റൊരു പല്ലക്കുണ്ട് എന്ന് പറയുന്നു. മറ്റേ പല്ലക്കിലിരുന്ന് സുനീതി ധ്രുവനെ നോക്കി ചിരിക്കുന്നു. രണ്ടുപേരും സ്വർഗ്ഗലോകത്തേക്ക് യാത്രയാകുന്നു.ധ്രുവന്റെ അദ്ദേഹത്തിന്റെ തീവൃഭക്‌തിയുടെ പ്രതിഫലമായി മഹാവിഷ്ണൂ അദ്ദേഹത്തിനെ നക്ഷത്രരാജ്യത്ത്ധ്രുവപദത്തില്‍ പ്രത്യേക ഇടം കൊടുത്തു. ലോകാവസാനംവരെ ഈശ്വരനെ വാഴ്ത്തിക്കൊണ്ട്‌ ഭക്‌തിയുടെ പ്രതീകമായി സത്യത്തിനും നീതിയ്ക്കും പ്രതീകമായി ധ്രുവരാജകുമാരന്റെ ആത്മാവ്‌ ഉത്തരഭാഗത്ത്‌ നമ്മെ നോക്കി നില്‍ക്കുന്നു. ധ്രുവനക്ഷത്രമായി പ്രഭതൂകിക്കൊണ്ട്‌..

No comments:

Post a Comment