Monday, November 23, 2009

ദക്ഷയാഗം

(ദക്ഷയാഗം-മഹാഭാഗവതം)

ഒരിക്കല്‍ പ്രജാപതികള്‍ ചെയ്യുന്ന യാഗത്തില്‍ ത്രിമൂര്‍ത്തികള്‍ ആഗതരായിരിക്കുമ്പോള്‍ അവിടേയ്ക്ക്

ദക്ഷപ്രജാപതി കടന്നു ചെല്ലുന്നു. താന്‍ പ്രജാപതിയാണ്, പോരാത്തതിനു ഉമയുടെ പിതാവുമാണ് എന്നിട്ടും തന്നെ കണ്ടിട്ട് എഴുന്നേറ്റു വണങ്ങാഞ്ഞ പരമശിവനോട് ദക്ഷന് അതിയായ കോപം ഉണ്ടായി അദ്ദേഹത്തേ വളരെ നികൃഷ്ടമായി കളിയാക്കുന്നു..

ഇത് കേട്ട് ശിവന്‍ മൌനം പൂണ്ടിരുന്നെങ്കിലും ശിവന്റെ സന്തതസഹചാരിയായ നന്ദികേശന്‍ കോപം പൂണ്ട് ദക്ഷനെയും പരിവാരങ്ങളെയും ഒക്കെയും ശപിക്കുന്നു..

പിന്നീടൊരിക്കല്‍ ദക്ഷന്‍ ഒരു യാഗം നടത്തുന്നു. പഴയ പക മനസ്സില്‍ വച്ച്, ദക്ഷന്‍ ശിവനെ ഒഴികെ ബ്രഹ്മാവ്, മഹാവിഷ്ണു, ഇന്ദ്രന്‍, ബൃഹസ്പതി, മറ്റു മഹാമഹര്‍ഷിമാര്‍ തുടങ്ങി എല്ലാ ദേവന്മാരെയും മഹര്‍ഷിമാരെയും യാഗത്തിനു ക്ഷണിക്കുന്നു.

നാരദമുനിമുഖാന്തിരം യാഗത്തെപ്പറ്റി അറിഞ്ഞ് ഉമയ്ക്ക് അത് കേട്ട് വലിയ വിഷമം തോന്നി, ‘താന്‍ പിതാവിന്റെ അടുക്കല്‍ ഒന്നു പോയിട്ടു വരട്ടെ’ എന്ന് പരമശിവനോട് അനുവാദം ചോദിക്കുന്നു. നിന്റെ പിതാവ് തീര്‍ച്ചയായും എന്നോടുള്ള പകയാല്‍ നിന്നെ അപമാനിച്ചയക്കും, അപമാനവും പേറി തിരിച്ചുവരുന്നത് അതിലും വലിയ അപഹാസ്യമാകും എന്നൊക്കെ പറഞ്ഞെങ്കിലും പിതാവിനെ തെറ്റിധരിക്കാന്‍ മടിച്ച് ഉമ യാഗത്തിനു ക്ഷണിക്കാതെ തന്നെ പോകാന്‍ ഉരുമ്പെടുനു. ഉമ തനിയെ പോകുന്നത് കണ്ട് രക്ഷക്കായി ശിവന്റെ ഭൂതഗണങ്ങളും അനുഗമിക്കുന്നു.

യാഗശാലയില്‍ ചെന്ന ശിവപത്നിയെ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഒക്കെ എഴുന്നേറ്റ് വണങ്ങിയെങ്കിലും ദക്ഷന്റെ സന്തതസഹചാരികള്‍ വളരെ നികൃഷ്ടമായി കളിയാക്കി. അച്ഛന്‍ രക്ഷിക്കുമെന്നു കരുതി അച്ഛാ എന്ന് അപേക്ഷയോടെ വിളിക്കുമ്പോള്‍ ദക്ഷനും താന്‍ നിന്റെ അച്ഛനല്ലെന്നും ഒക്കെ പറഞ്ഞ്‌ ക്ഷണിക്കാത്തിടത്ത് കയറി വന്ന ഉമയെ ആക്ഷേപിക്കുന്നു. ഇത് കണ്ട് സഹോദരിമാര്‍ പരിഹസിച്ചു ചിരിക്കയും! ആകെപ്പാടെ നിരാലംബയും, ശിവന്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചല്ലൊ എന്ന ഖേദത്താല്‍ ശിവന്റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിത്തിരിച്ച് ആകെ അപമാനം വരുത്തി വച്ചതില്‍ മനം നൊന്ത്, ഉമാദേവി അവിടെ വച്ചു തന്നെ ആത്മാഹൂതി ചെയ്യുന്നു.

തീയില്‍ വെന്തടങ്ങിയ പരമശിവപത്നിയുടെ അവസ്ഥ കണ്ട് കോപിച്ച്, ശിവഭൂതങ്ങള്‍ അവിടെ സംഹാരതാണ്ഡവം നടത്തുന്നു. യാഗാഗ്നിയും യാഗകുണ്ഡങ്ങളും ഒക്കെ അവര്‍ തല്ലിക്കെടുത്തി. ദക്ഷന്‍ ശിവഭൂന്തങ്ങളോട് നേരിട്ട് എതിര്‍ക്കാന്‍ തയ്യറെടുത്തു.. ഇതുകണ്ട് ഭൃഗുമുനി തന്റെ തപശ്ശക്തിയാല്‍ ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. ശിവഭൂതങ്ങളും ഭൃഗുഭൂതങ്ങളും തമ്മില്‍ ഉഗ്രമായ പോരാട്ടം നടക്കുമ്പോള്‍, നാരദമുനി കൈലാസത്തുചെന്ന് ശിവനോട് വിശേഷങ്ങളെല്ലാം ഉണര്‍ത്തിക്കുന്നു!

തന്റെ പ്രിയതമയുടെ ദയനീയാന്ത്യം അറിഞ്ഞ് ഉഗ്രകോപം പൂണ്ട പരമശിവന്‍ കോപം അടക്കാ‍നാവാതെ തന്റെ ജട പിടിച്ച് വലിച്ച് നിലത്തടിച്ചു! അതില്‍ നിന്നും ഉഗ്രകോപം പോണ്ട ഒരു സത്വം ജനിക്കുന്നു. വീരഭദ്രന്‍!

വീരഭദ്രനോട് ദക്ഷയാഗം മുടക്കി, ദക്ഷനെയും അനുചരന്മാരെയും വധിക്കാന്‍ കല്പിച്ചയച്ചിട്ടും ഉഗ്രമൂര്‍ത്തിയുടെ കോപം കത്തിജ്വലിച്ചു നിന്നു. ആ കോപത്താല്‍ അദ്ദേഹം ശിവതാണ്ഡവനൃത്തം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തിരുനെറ്റിയില്‍ നിന്നും മറ്റൊരു ഉഗ്രദേവത ഭൂജാതയാകുന്നു.. വീരഭദ്ര (ഭദ്രകാളി!). വീരഭദ്രയോടും വീരഭദ്രനെ അനുഗമിച്ച് ദക്ഷനിഗ്രഹം ചെയ്യാന്‍ അജ്ഞാപിക്കുന്നു സദാശിവന്‍.

വീരഭദ്രനും ഭദ്രകാളിയും ശിവഭൂതങ്ങളും ചേര്‍ന്ന് ദക്ഷന്റെ യാഗശാല താറുമാറാക്കി, എതിര്‍ത്തവരെയും പരിഹസിച്ചവരെയും ഒക്കെ വളരെ നികൃഷ്ടമായി നിഗ്രഹിച്ചു ചടുലനൃത്തമാടി. ഇതിനകം ഭ്രഹ്മാവും മഹാവിഷ്ണുവും ഒക്കെ അവിടെ നിന്നും മറഞ്ഞുകളഞ്ഞു.

പ്രാണര്‍ക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ നോക്കിയ ഭൃഗുമുനിയെയും ഭൂതഗണങ്ങള്‍ പിടികൂടി ജടപിടിച്ചു വലിച്ച് ഓരോന്നായി ഊരിയെടുത്തു. മുനിയുടെ മുഖം രക്താവൃതമായി. അതുകണ്ട് ഭൂതഗണങ്ങള്‍ പൊട്ടിച്ചിരിച്ചു! ‘ഞങ്ങള്‍ പാഷണ്ഡന്മാരായതുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ’എന്നും പരിഹാസരൂപേണ പറഞ്ഞു. കാരണം ഭൃഗുമുനിയാണ്‌ പണ്ട് ശിവഭൂതങ്ങള്‍ പാഷണ്ഡന്മാരായി തീരട്ടെ എന്നു ശപിച്ചത്..

ഇതയുമായപ്പോള്‍ ശിവപാര്‍ഷദനായ നന്ദീകേശന്‍ ഭൃഗുമിനിയെ കാണുന്നു. നന്ദീകേശന്‍ ഓടിചെന്ന് ഭൃഗുവിന്റെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ച്, പല്ലുകളും പറിച്ചുകളയുന്നു. (നന്ദീകേസനേയും ഭൃഗുമുനി പണ്ട് ശപിച്ചിട്ടുണ്ട്)

ഈ സമയം വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനോട് നേരിട്ട് ദക്ഷനെ പിടിച്ച് തല ശൂലത്താല്‍ അരുത്ത് ഹോമകുണ്ഡത്തില്‍ എറിയുന്നു..

ദക്ഷനെ നിഗ്രഹിച്ചിട്ടും വീരഭദ്രന്റെ കോപം ശമിക്കാഞ്ഞതുകണ്ട് ഭയന്ന് മുനികളും ദേവന്മാരും ഒക്കെ ഓടി ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടവുമായി ചെല്ലുന്നു. ബ്രഹ്മാവ് പറയുന്നു, സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം ശമിപ്പിക്കാന്‍ ത്രിലോകങ്ങളിലും ആര്‍ക്കും സാധ്യമല്ല, എന്റെ പുത്രനായ ദക്ഷന്‍ വലിയ അഹങ്കാരിയും ശിവദ്വേക്ഷിയും ആയതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്, പരമശിവന്‍ വിചാരിച്ചാല്‍, മരണമില്ലാത്ത ദക്ഷനെ നിഗ്രഹിക്കാനും മരണമുള്ളവനു മരണമില്ലാത്ത അവസ്ഥയും സിദ്ധിക്കും, അതുകൊണ്ട്, നമുക്കെല്ലാവര്‍ക്കു ചേര്‍ന്ന് വൈകുണ്ഡത്തിലെത്തി, അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനാവുമോ എന്ന് നോക്കാം. അദ്ദേഹത്തിന്റെ കോപം അടങ്ങിയാല്‍ എല്ലാം ശാന്തമാകും.

ബ്രഹ്മാവും മറ്റ് ദേവന്മാരും കൂടി കൈലാസത്തിലെത്തി ശിവനെ വാഴ്ത്തി സ്തുതിക്കുമ്പോള്‍ മുക്കണ്ണന്‍ സമാധിയില്‍ നിന്നുണര്‍ന്ന് അവരെ നോക്കുന്നു. അപ്പോള്‍ ബ്രഹ്മാവു തന്നെ ശിവന്റെ പാദങ്ങളില്‍ വീണ് ദക്ഷന് ആയുസ്സു തിരിച്ചു നല്‍കാന്‍ അപേക്ഷിക്കുന്നു. പരമശിവന്‍ ശാന്തനായി, യാഗത്തിനു ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ചാല്‍ അദ്ദേഹം ജീവിക്കും എന്നരുളുന്നു. ഭൃഗുവിന്റെ ദുരിതങ്ങളും ശമിപ്പിച്ചു.

ദേവന്മാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ നിന്നും യാത്രയായി. വീരഭദ്രനും ഭദ്രയും തിരിച്ചു ശിവനില്‍ തന്നെ ലയിക്കുന്നു. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ച് അദ്ദേഹത്ത് ജീവിപ്പിക്കുന്നു.

അജമുഖനായ ദക്ഷന്‍ അന്നുമുതല്‍ വലിയ ശിവഭക്തനായി തീരുന്നു.

യോഗശാലയില്‍ ദഹിച്ച സതി വീണ്ടും പര്‍വ്വതപുത്രിയായ പാര്‍വ്വതിയായി ജനിച്ച്, ശിവന്റെ പത്നിയായി തീരുകയും ചെയ്യുന്നു. തന്റെ ശരീരത്തിന്റെ പകുതി പത്നിക്കായി നല്‍കി അദ്ദേഹം അര്‍ദ്ധനാരീശ്വരനായും തീരുന്നുണ്ട്. പാര്‍വ്വതീ ദേവിയെ ഉമയെന്നും അംബികയെന്നും മഹേശ്വരി എന്നും നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

(പ്രജാപതിയായ ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നു ദേവി അദ്ദേഹത്തിനെ മകള്‍ ഉമ യായി അവതരിച്ചത്)

*


[കടപ്പാട്: ഡോ. പി. എസ്സ്. നായര്‍-മഹാഭാഗവതം ഗദ്യം)

No comments:

Post a Comment